തിരുവനന്തപുരം: സി.പി.എമ്മിനും മുസ്ളീം രാഷ്ട്രീയത്തിനും ഇടയിൽ സംഭവിക്കുന്നത് എന്താണ്? മലബാറിൽ മുസ്ളിം വിഭാഗത്തിൽ നിന്നുളള പാർട്ടിയുടെ സ്വതന്ത്ര എം.എൽ.എമാർ പൊലിസിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തിറങ്ങിയതിന് തൊട്ടു പിന്നാലെ പൊളിറ്റിക്കൽ ഇസ്ളാമിനെ കുറിച്ചുളള വിമർശനം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ കളത്തിലിറങ്ങുമ്പോൾ സി.പി.എമ്മിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്ന ചോദ്യമാണിത്.
മുസ്ളീം ജനസമാന്യത്തിൽ പ്രത്യേകിച്ച് മലബാറിലെ മുസ്ളീം സമൂഹത്തിൽ ഇടതുപക്ഷത്തിന് എതിരെ പുകയുന്ന അതൃപ്തിയുടെ പ്രതിഫലനമായാണ് എം.എൽ.എമാരായ പി.വി.അൻവർ, ഡോ.കെ.ടി.ജലീൽ, മുൻ എം.എൽ.എ കാരാട്ട് റസാഖ് എന്നിവരുടെ അനവസരത്തിലുളള പൊലീസ് വിമർശനം വിലയിരുത്തപ്പെട്ടത്.
മുസ്ളീം വിഭാഗത്തിൽ പ്രവർത്തിക്കുന്ന തീവ്രനിലപാടുളള സംഘടനകൾക്ക് സഹായകമായ നിലപാടാണ് അൻവറും ജലീലും കാരാട്ട് റസാഖും സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.
രാഷ്ട്രീയ ഇസ്ളാമിൻെറ പ്രയോക്താക്കളായ ജമാഅത്തെ ഇസ്ളാമി, എസ്.ഡി.പി.ഐ പോലുളള സംഘടനകളെയാണ് പൊലീസ് വിമർശനത്തിൻെറ ഗുണഭോക്താവായി കണ്ടിരുന്നത്.അതേ രാഷ്ട്രീയ ഇസ്ളാമിൻെറ ആശയങ്ങളുടെ കടന്നുകയറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
പുറത്തുവരാനിരിക്കുന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വിഷയമാണെങ്കിലും ഇപ്പോഴതിനെപ്പറ്റി പരാമർശിച്ചത് സി.പി.എം രാഷ്ട്രീയത്തിൽ പി.വി.അൻവർ എം.എൽ.എയുടെ വിമർശനം ഉയർത്തിവിട്ട പ്രശ്നങ്ങളാണെന്നാണ് പാർട്ടിക്കുളളിൽ നിന്നുതന്നെ ഉയരുന്ന ആക്ഷേപം.
ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ജമാഅത്തെ ഇസ്ളാമിയേയും പോപ്പുലർ ഫ്രണ്ടിനെയും സി.പി.എം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മുസ്ളിം വിഭാഗത്തിലെ തീവ്രനിലപാടുകാരായ ഈ സംഘടനകളുട സഹായത്തോടെയാണ് മുസ്ളീം ലീഗും യു.ഡി.എഫും വമ്പിച്ച വിജയം നേടിയത് എന്നതായിരുന്നു വിമർശനത്തിൻെറ അടിസ്ഥാനം.
തീവ്രായശയങ്ങളുടെ പ്രചാരകരായ ജമാഅത്തെ ഇസ്ളാമിയേയും പോപ്പുലർ ഫ്രണ്ടിനെയും ഒപ്പം കൂട്ടുന്ന ലീഗിൻെറ നടപടി നാടിന് ആപത്താണെന്നും സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് നടക്കുന്നത് വരെ ലീഗിനെ പാട്ടിലാക്കാൻ നടത്തിയ നീക്കങ്ങളെല്ലാം മറന്നുകൊണ്ടായിരുന്നു വിമർശനം.
ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ളിം വോട്ടർമാരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതിൻെറ നഷ്ടബോധത്തിലാണ് വിമർശനമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കേരളത്തിൽ നിന്നുളള ഐ.എസ് റിക്രൂട്ട് മെന്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് പി.ജയരാജൻ, രാഷ്ട്രീയ ഇസ്ളാമിനെ വിമർശിച്ചതോടെ അത് യാദൃശ്ചികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
സി.പി.എമ്മിനുളളിൽ മാത്രമല്ല ഈ സംശയങ്ങൾ ഉയരുന്നത്. പൊതു സമൂഹത്തിലും പി.ജയരാജൻ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലെ രാഷ്ട്രീയ ഇസ്ളാമിന് എതിരായ വിമർശനം വലിയ ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസ ദീപിക ദിനപത്രത്തിൽ വന്ന മുഖപ്രസംഗം ഇതിൻെറ കൃത്യമായ ഉദാഹരണമാണ്. ഇസ്ളാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ എന്ന് ആരോപിച്ച് കോൺഗ്രസിനെയും സി.പി.എമ്മിനെയും വിമർശിക്കുന്ന മുഖപ്രസംഗത്തിൻെറ മുന നീളുന്നത് അത്രയും സി.പി.എമ്മിന് നേർക്കാണ്.
രാഷ്ട്രീയ ഇസ്ളാമിനെപ്പറ്റി പി.ജയരാജൻ എഴുതിയ പുസ്തകം കേരളമാകെ ചർച്ച ചെയ്യപ്പെടമെന്നാണ് ദീപിക മുഖപ്രസംഗം ആവശ്യപ്പെടുന്നു. പി ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സി പി എം കാണാൻ ഇടയില്ലെന്നും മുസ്ലീം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ടെന്നുമാണ് ദീപിക മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം.
പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ല ഭീകരവാദ പ്രസ്ഥാനങ്ങളെ നേരിടേണ്ടതെന്ന ബി ജെ പി ആശയത്തിന് സ്വീകാര്യതയേറുന്നു എന്നും ദീപിക മുഖ പ്രസംഗം പറയുന്നുണ്ട്. ദീപിക മുഖപ്രസംഗത്തെ തളളി പി.ജയരാജൻ പൊടുന്നനെ തന്നെ വിശദീകരണം ഇറക്കി.
രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം അകറ്റിനിർത്തിയിട്ടുണ്ട്. ലോകത്ത് ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ കാണാതിരിക്കുന്നില്ല. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും ഇസ്ലാമിസ്റ്റുകളെയും കുറിച്ച് ചർച്ച ചെയ്യുന്നത് ജനാധിപത്യത്തിൻറെ ഭാവിക്ക് അത്യാവശ്യമാണെന്നാണ് പി.ജയരാജൻെറ വിശദീകരണം.
ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മുസ്ളീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്ന സി.പി.എമ്മിൻെറ നേതൃത്വത്തിൽ നിന്ന് പി.ജയരാജനെ പോലെയുളള ഒരു നേതാവ് രാഷ്ട്രീയ ഇസ്ളാമിനെ രൂക്ഷമായി വിമർശിച്ചും അതിൻെറ അപകടങ്ങൾ വിശദം ആക്കിയും രംഗത്തുവരുന്നതിനെ യാദൃശ്ചികമെന്ന് പറഞ്ഞ് തളളാൻ ആരും തയാറാകുന്നില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ളിം ഭൂരി പക്ഷത്തിന് സ്വാധീനമുളള ജില്ലകളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചും ഏകസിവിൽ കോഡിനെതിരെ കോഴിക്കോട് സെമിനാർ സംഘടിപ്പിച്ച് സമസ്ത നേതാക്കളെ അതിലേക്ക് ക്ഷണിച്ചും ഇസ്രയേലിൻെറ ആക്രമണത്തിൽ പ്രതിഷേധിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലികൾ സംഘടിപ്പിച്ചും മുസ്ളീം ജനസാമാന്യത്തെ കൂടെ നിർത്താൻ അക്ഷീണം പ്രയത്നിച്ച പാർട്ടിയാണ് സി.പി.എം.
അതേ സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പിന് ശേഷം വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൻെറ കാരണം തിരഞ്ഞെടുപ്പ് തോൽവിയും ഇടത് സ്വതന്ത്രൻമാർ ഉയർത്തിവിട്ട കലാപവുമാണെന്നാണ് പൊതുവെയുളള വിലയിരുത്തൽ.
രാഷ്ട്രീയ ഇസ്ളാമിന് എതിരെ പി.ജയരാജൻ ഉന്നയിച്ച വിമർശനത്തിന് പിന്നിലെ രാഷ്ട്രീയം തിരയുന്നവർ ഈ നിഗമനത്തിലാണ് നങ്കൂരമിടുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ എക്കാലവും സി.പി.എമ്മിൻെറ അടിസ്ഥാന വോട്ടുകളായി കരുതപ്പെട്ടിരുന്ന ഈഴവ വിഭാഗം പാർട്ടിയെ കൈവിട്ടിരുന്നു.
രാഷ്ട്രീയ ഇസ്ളാമിൻെറ അപകടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുളള പി.ജയരാജൻെറ പുസ്തകവും അതിൽ പ്രതിപാദിക്കുന്ന വിഷയങ്ങളും അകന്നുപോയ ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണെന്നും ആക്ഷേപമുണ്ട്.