/sathyam/media/media_files/p6VrmO42OaVIZpXFzOUN.jpg)
കണ്ണൂർ : എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിലുളള പിണക്കം തീരാതെ സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുളള സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ നിർദ്ദേശം അംഗീകരിക്കേണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന ഇ.പി.ജയരാജൻ പിന്നീട് നടന്ന പാർട്ടി കമ്മിറ്റികളിൽ ഒന്നും പങ്കെടുക്കാതെ പ്രതിക്ഷേധം തുടരുകയാണ്.
ശനിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റ്റെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ജയരാജൻ വിട്ടുനിന്നു. ഇന്ന് പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ജയരാജൻ പങ്കെടുത്തില്ല. പരിപാടിയിൽ പങ്കെടുക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.
എന്നാൽ ആറോളിയിലെ വീട്ടിൽ ഉണ്ടായിട്ടും ഇ.പി.ജയരാജൻ പയ്യാമ്പലത്തെ പാർട്ടി പരിപാടിയിലേക്ക് തിരിഞ്ഞു നോക്കിയില്ല. പിണക്കം മാറ്റിവെച്ച് പാർട്ടി പരിപാടികളിൽ സജീവം ആകണമെന്ന് നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊളളാൻ ഇ.പി.ജയരാജൻ കൂട്ടാക്കുന്നില്ല. സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് ജയരാജൻ അടുപ്പമുളള നേതാക്കളോടും പ്രവർത്തകരോടും പറയുന്നത്.
ഇതുവരെയുളള രാഷ്ട്രീയ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ആത്മകഥ എഴുതുമെന്നും ഇ.പി.ജയരാജൻ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടു നിൽക്കുന്നതിന് പ്രത്യേകിച്ച് ഒരു കാരണവും സി.പി.എം നേതൃത്വത്തോട് ഇ.പി.ജയരാജൻ പറയുന്നില്ല.
പ്രതിക്ഷേധം കോടിയേരിക്കാലത്തും
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി യോഗങ്ങളും പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളും ബഹിഷ്കരിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പാർട്ടി നേതൃത്വത്തോട് കലഹിച്ച് ഇ.പി.ജയരാജൻ പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇതാദ്യമല്ല.
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എം.വി.ഗോവിന്ദൻ ചുമതല ഏറ്റെടുത്തപ്പോഴും ഇ.പി.പാർട്ടിക്കകത്ത് കലാപക്കൊടി ഉയർത്തിയിരുന്നു. ആരോഗ്യകാരണങ്ങൾ പറഞ്ഞ് പാർട്ടിയിൽ നിന്ന് അവധിയെടുത്ത ജയരാജൻ ഒരുമാസത്തോളം മാറി നിന്നു.
ഈ കാലത്ത് മുന്നണിയുടെ സുപ്രധാന യോഗങ്ങളിൽ നിന്നും രാജ് ഭവൻ വളയൽ പോലുളള പ്രധാന പരിപാടികളിൽ നിന്ന് പോലും വിട്ടുനിന്നു. എന്നാൽ മൊറാഴയിലെ റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നപ്പോൾ അവധിയിലായിരുന്നിട്ടും പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തുകയും ചെയ്തു.
ഗോവിന്ദനല്ല .. നന്ദകുമാര്‍
സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ എം.വി.ഗോവിന്ദൻ നടത്തിയ സംസ്ഥാന ജാഥയിൽ നിന്നും പ്രതിഷേധ സൂചകമായി ഇ.പി.ജയരാജൻ വിട്ടുനിന്നിരുന്നു. ജാഥ തുടങ്ങുന്ന ദിവസം കാസർകോട്ടേക്ക് എത്താതിരുന്ന ജയരാജൻ, എറണാകുളത്ത് ദല്ലാൾ നന്ദകുമാറിൻെറ അമ്മയുടെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഗോവിന്ദൻെറ ജാഥ കണ്ണൂരിലെത്തിയപ്പോഴും തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല.
കണ്ണൂരിലെ വീട്ടിൽ തന്നെ ഉണ്ടായിട്ടും സ്വന്തം നിയോജക മണ്ഡലത്തിലെ പരിപാടിക്ക് പോലും എത്തിയില്ല. ജാഥ തൃശൂരിലെത്തിയപ്പോഴാണ് പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ജയരാജൻ അതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തത്. എന്നിട്ടും പാർട്ടി നേതൃത്വം ഒരു നടപടിക്കും മുതിർന്നില്ല.
സാധാരണ പാർട്ടി അംഗമോ, നേതാക്കളോ ഇത്തരത്തിൽ പെരുമാറിയാൽ കർശനനടപടി സ്വീകരിക്കുന്നതാണ് സി.പി.എം ശൈലി. എന്നാൽ ഇ.പി.ജയരാജനെതിരെ അത്തരം നടപടിയിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം ധൈര്യപ്പെട്ടില്ല.
വി.എസ് - പിണറായി പോരിലെ യോദ്ധാവ്
വി.എസ് - പിണറായി ഗ്രൂപ്പ് യുദ്ധം നടക്കുമ്പോൾ പാർട്ടിയിലെ ഭൂരിപക്ഷത്തെയും ഔദ്യോഗിക നേതൃത്വത്തിനൊപ്പം പിടിച്ചുനിർത്താൻ തന്ത്രങ്ങൾ മെനഞ്ഞതും അത് പ്രായോഗികമായി നടപ്പാക്കിയതും ഇ.പി.ജയരാജൻ ആയിരുന്നു.
അതിനായി സ്വീകരിച്ച മാർഗങ്ങളുടെ പേരിൽ അദ്ദേഹം ഏറെ പഴികേൾക്കുകയും ചെയ്തു. അങ്ങനെ പാർട്ടിയുടെ പല രഹസ്യങ്ങളും ഉളളിൽ പേറുന്ന ഇ.പിയെ പിണക്കിയാൽ അദ്ദേഹം എന്തെങ്കിലും വിളിച്ചുപറയുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
അതിനാണോ അദ്ദേഹം ആത്മകഥ എഴുതുന്നു എന്ന പ്രസ്താവന നടത്തിയതെന്നും സംശയിക്കുന്നുണ്ട്. അതാണ് തുടർച്ചയായി പരിപാടികളിൽ നിന്ന് വിട്ടുനിന്നിട്ടും ജയരാജനെതിരെ നടപടി ഇല്ലാത്തതെന്നാണ് സൂചന.
ആരോഗ്യം ആണ് ആയുധം
ആയുർവേദ ചികിത്സയും ആരോഗ്യ പ്രശ്നങ്ങളും ഉളളത് കൊണ്ടാണ് ഇ.പി.ജയരാജൻ പയ്യാമ്പലത്തെ ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻെറ വിശദീകരണം.
പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പങ്കെടുത്ത പരിപാടിയിൽ നിന്നാണ് ഇ.പി.ജയരാജൻ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് വിട്ടുനിന്നത്.പ്രതിഷേധ സൂചകമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന ഘട്ടങ്ങളിലെല്ലാം ആരോഗ്യ കാര്യങ്ങളാണ് ജയരാജൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുളളത്.
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കഴിഞ്ഞ 10 ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ ഇ.പി.ജയരാജൻ തയ്യാറാവുന്നില്ല.