ഓപ്പറേഷൻ നുംഖോറിൽ പിടിവിടാതെ കസ്റ്റംസ്, ദുല്‍ഖർ സൽമാന്‍റെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വേഗത്തില്‍ കൈമാറാൻ നിർദേശം

New Update
12

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിയ വാഹനങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചു. വാഹനക്കടത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.

ദുല്‍ഖർ സല്‍മാന്‍റെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വേഗത്തില്‍ കെെമാറാനും പ്രത്യേക സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണുള്ളത്.

നിലവിൽ ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളുമാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫൻഡറാണ് സ്റ്റഡിയിലെടുത്തത്.

കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

അതേസമയം, കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു.

Advertisment
Advertisment