തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിലും ക്രമസമാധാന പാലനത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകളും പോലീസ് മേധാവി എണ്ണിയെണ്ണിപ്പറഞ്ഞിട്ടും ആ അന്വേഷണ റിപ്പോർട്ടിൽ അടയിരിക്കുകയാണ് സർക്കാർ. ഡി.ജി.പിയുടെ കണ്ടെത്തലുകൾ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ അതേപടി ശരിവച്ചിരുന്നു.
3ലക്ഷത്തോളം ആളുകളും 115 ആനകളും 7000 കിലോ വെടിമരുന്നുമുള്ള പൂരപ്പറമ്പിലേക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരിഞ്ഞുനോക്കിയില്ല എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോർട്ട് മൂന്നുദിവസമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ വിശ്രമിക്കുകയാണ്.
അജിത്ത്കുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്താണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് കൈമാറിയത്. ഇപ്പോൾ തന്നെ പോലീസ് മേധാവിയുടെയും വിജിലൻസിന്റെയും മൂന്ന് അന്വേഷണങ്ങൾ നേരിടുന്ന അജിത്തിന് ഇതുകൂടിയായാൽ നാല് അന്വേഷണമാവും.
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ വീഴ്ചകൾ ഡിജിപി തലത്തിലും അന്വേഷിക്കണമെന്നാണ് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടിലുള്ളത്. ഇതിലാണ് തുടർനടപടിയെടുക്കാതെ സർക്കാർ മാറ്റിവച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഡൽഹിയിലായതാണ് ഉത്തരവ് വൈകാൻ കാരണമായി പറയുന്നത്. ഡൽഹിയിൽ നിന്ന് 30ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി, കൊച്ചിയിലെയും കൊട്ടാരക്കരയിലെയും പരിപാടികൾക്ക് ശേഷം ഒക്ടോബർ മൂന്നിനേ തലസ്ഥാനത്ത് തിരിച്ചെത്തൂ.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ഓൺലൈനായി ഉത്തരവിടാൻ മുഖ്യമന്ത്രിക്ക് കഴിയും. നേരത്തേ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനത്തിന് പോയപ്പോൾ ഐ-പാഡിൽ ഫയലുകൾ നോക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നതാണ്.
ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയും ഡിജിറ്റൽ ഫയലാണ്. ഇതിൽ ലോകത്ത് എവിടെയിരുന്നാലും മുഖ്യമന്ത്രിക്ക് ഉത്തരവിടാവുന്നതേയുള്ളൂ. പൂരം കലക്കിയതിൽ തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകന് മാത്രം ചെറിയ വീഴ്ചയുണ്ടായെന്ന അജിത്തിന്റെ റിപ്പോർട്ട് സ്വയം വെള്ളപൂശിയുള്ളതായിരുന്നു.
ഇതിനു പുറമെ പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ജി, ഡി.ഐ.ജി എന്നിവരെയും വെള്ളപൂശി. എന്നാൽ ഇത് അപ്പാടെ നിരാകരിക്കുകയാണ് ഡിജിപി ചെയ്തത്. തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരംഅലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.
ഈ റിപ്പോർട്ട് തള്ളിയ ഡി.ജി.പി അജിത്തിന്റെ മേൽനോട്ടത്തിലേതടക്കം വീഴ്ചകൾ അക്കമിട്ടുനിരത്തി. ഗൂഢാലോചനയടക്കം അന്വേഷിക്കാനും ശുപാർശചെയ്തു.3 ദിവസം മുൻപേ തൃശൂരിൽ തമ്പടിച്ചിട്ടും പൂരദിവസം ആ സ്ഥലത്തേക്ക് എ.ഡി.ജി.പി തിരിഞ്ഞുനോക്കിയില്ല.
മുൻവർഷങ്ങളിലെ സുരക്ഷാപഴുതുകൾ അടച്ച് കമ്മിഷണർ അങ്കിത്അശോകൻ തയ്യാറാക്കിയ സുരക്ഷാസ്കീം അജിത്കുമാർ അവസാനനിമിഷം മാറ്റി. മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോവേണ്ടതുണ്ടായിരുന്നില്ല. രാത്രിയിൽ പ്രശ്നങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഇടപെട്ടില്ല.
ഈസാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ചുമതലയേൽക്കേണ്ടതായിരുന്നു. പൂരസ്ഥലത്ത് ചെറിയ പ്രശ്നങ്ങളെത്തുടർന്ന് മൂന്നു മന്ത്രിമാർ തുടരെവിളിച്ചിട്ടും ഫോണെടുത്തില്ല. പിന്നീട് ഫോൺ ഓഫ്ചെയ്തു. വീഴ്ചകളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും അഞ്ചുമാസം താമസിപ്പിച്ചു.
ഐ.ജി,ഡി.ഐ.ജി എന്നിവരുടെ വീഴ്ചകൾ മറച്ചു. പൂരദിവസം മുൻകൂട്ടി അവധിയെടുത്തതിലും ഗൂഢാലോചന സംശയിക്കുന്നുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കാനാണ് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും ശുപാർശ ചെയ്തത്. ഇതിലാണ് സർക്കാർ തീരുമാനമെടുക്കാത്തത്.