/sathyam/media/media_files/2024/12/05/AIWsCOR86VT6rHZmqew4.jpg)
എലത്തൂർ: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ ചോർച്ച. പ്ലാന്റിന് മുൻവശത്തുള്ള ഓടയിലേക്കാണ് ഡീസൽ ചോർന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഓടയിലൂടെ ഡീസൽ ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ ഈ വിവരം എലത്തൂർ പൊലീസ് പ്ലാന്റ് മാനേജരെ അറിയിക്കുകയും ചെയ്തു.
അറ്റകുറ്റപ്പണിക്കിടെ ചോർച്ച ഉണ്ടായതാണെന്നും ഇത് പരിഹരിച്ചുവെന്നുമാണ് അധികൃതർ അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷവും ഇതുവഴി ഡീസൽ ഒഴുകുന്നത് തുടർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇതോടെ അസിസ്റ്റന്റ് കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ പ്ലാന്റിലെ ജീവനക്കാർ ഓടയിൽ നിന്നുള്ള ഡീസൽ ശേഖരിച്ച് മാറ്റി. 2000 ലിറ്ററോളം ഡീസലാണ് ഓടയിൽ നിന്നും വലിയ വീപ്പകളിലേക്ക് മാറ്റിയത്.