/sathyam/media/media_files/qhinIPx3tFkVJuivblQ7.webp)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ലൈംഗിക ആരോപണങ്ങൾക്കു വിധേയരായ താരങ്ങൾ കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നു. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവരാണു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അതിനിടെ, നടിയുടെ ആരോപണങ്ങളിൽ മുകേഷ് മുഖ്യമന്ത്രിക്കു വിശദീകരണം നൽകിയതായാണു വിവരം. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.
പൊലീസ് അറസ്റ്റ് നടപടികളിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാലാണു താരങ്ങൾ മുൻകൂർ ജാമ്യം നൽകാനൊരുങ്ങുന്നത്. വിഷയത്തിൽ എല്ലാവരും അഭിഭാഷകരുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാൻ മുകേഷും ആലോചിക്കുന്നുണ്ട്.
നടിയുടെ ആരോപണത്തിൽ ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്കു വിശദീകരണം നൽകിയത്. ആരോപണങ്ങൾ കള്ളമാണെന്നു പറഞ്ഞ എം.എൽ.എ പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും മുഖ്യമന്ത്രിയോട് ഉയർത്തിയിട്ടുണ്ട്. നടി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ബ്ലാക്ക്‌മെയിൽ ചെയ്തതിന് തെളിവുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായും ചർച്ച നടത്തിയിട്ടുണ്ട്.