/sathyam/media/media_files/YaR6dDcpwXr1yDejjUWx.jpg)
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായും കേന്ദ്ര സർക്കാരുമായും ഉറ്റബന്ധമുള്ള ആർ.എസ്.എസ്, ബി.ജെ.പി ഉന്നതനേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം പോയത് ഭരണപക്ഷത്തെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും വമ്പൻ ബിസിനസുകാരനുമെന്ന് റിപ്പോര്‍ട്ട്.
അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിട്ട ആരോപണത്തില്‍ പറയുന്ന ഉന്നതര്‍ ഇവരാണെന്ന സൂചനയാണ് പുറത്തുവരുന്നത് ? ആര്‍ എസ് എസ് ബന്ധമുള്ള മറ്റൊരു വ്യവസായിയുടെ കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാദ കൂടിക്കാഴ്ച.
അജിത് കുമാറിന് ഒപ്പമുണ്ടായിരുന്നവരുടെ പേരുകള്‍ കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് 'കാണാന്‍ പോകുന്ന പൂരമല്ലേ ..' എന്ന പ്രയോഗമാണ് നടത്തിയത്. ഇതോടെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന സൂചനകള്‍ ശക്തമാണ്.
കേസൊതുക്കല്‍ കൂടിക്കാഴ്ചകള്‍
കേന്ദ്രസർക്കാരിന്റെ അന്വേഷണത്തിലുള്ള ചില കേസുകളും മറ്റു ചില രാഷ്ട്രീയ നിലപാടുകളുമാണ് ചർച്ചയായതെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു ആർ.എസ്.എസ് നേതാവുമൊത്താണ് ഭരണപക്ഷത്തെ ഉന്നതനും എ.ഡി.ജി.പിയും എത്തിയതെങ്കിൽ ഇവര്‍ പോയി 20 മിനിറ്റിനു ശേഷമാണ് ബിസിനസുകാരന്‍ സ്വന്തം കാറില്‍ ഇവിടെയെത്തിയത്.
പിണറായി വിജയനുമായും സി.പി.എമ്മുമായും അടുപ്പമുള്ളയാളാണ് ഈ ബിസിനസുകാരൻ. ആർ.എസ്.എസ് നേതാവിനെ കാണാനെത്തിയ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ വിവരങ്ങൾ പുറത്തറിഞ്ഞാൽ രാഷ്ട്രീയ ഭൂകമ്പമാവും വരാനിരിക്കുക. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഈ വിവരങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചനയുണ്ട്.
എന്നാൽ ഇതിന്മേൽ ഒരു നടപടിയുമുണ്ടായിട്ടില്ല. കോവളത്തെ ഉദയസമുദ്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റലിജൻസ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.
റാം മാധവ് അണിയറ നീക്കങ്ങളില്‍ അഗ്രഗണ്യന്‍
ആർ.എസ്.എസിന്റെ ഉന്നത നേതാവായിരുന്ന റാം മാധവ്, ഏറെക്കാലം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ജമ്മുകാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ്. കാശ്മീരിൽ ബദ്ധവൈരികളായ പി.ഡി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാൻ ചരടുവലിച്ചതും അതിന്റെ ചർച്ചകളും അണിയറ നീക്കങ്ങളും നടത്തിയതും റാം മാധവായിരുന്നു.
ഇന്ത്യയെ ഞെട്ടിച്ച രാഷ്ട്രീയ നീക്കമായിരുന്നു അത്. ഇത്രയും സ്വാധീനമുള്ള നേതാവുമായാണ് എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച. കേന്ദ്രസർക്കാരുമായും പ്രധാനമന്ത്രിയുമായും ഉറ്റബന്ധമുള്ളയാളാണ് റാംമാധവ്. ആർ.എസ്.എസ് ചിന്തിർശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു റാംമാധവ്. ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച തരപ്പെടുത്തിയതും മദ്ധ്യസ്ഥനായതും എ.ഡി.ജി.പിയാണെന്നാണ് പുറത്തുവന്ന ആരോപണം.
ചര്‍ച്ചകള്‍ എന്തിനുവേണ്ടി ?
തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയും വിവാദമായിട്ടുണ്ട്. ആർ.എസ്.എസ് മേധാവി മോഹൻഭാഗവതിന്റെ പിൻഗാമിയായേക്കാവുന്ന ഹൊസബളെ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനാണ്. ആർ.എസ്.എസിന്റെ സർകാര്യവാഹാണ്. 2021 മാർച്ചിലാണ് സർസംഘചാലകിന്റെ തൊട്ടുതാഴെയുള്ള ഈ പദവിയിലെത്തിയത്. കർണാടകയിലെ ഷിമോഗ സ്വദേശി.
രാഷ്ട്രീയ കൊലപാതകങ്ങൾക്കുള്ള പ്രതിഷേധമായി മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയാനുള്ള ആർ.എസ്.എസ് തീരുമാനം 2017ൽ അവസാനിപ്പിച്ചത് അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായടക്കം ഉറ്റബന്ധമുള്ള ഹൊസബളെയുമായി എഡിജിപിയുടെ ചർച്ചയുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.
ദത്താത്രേയ ഹൊസബളെയുമായി നടത്തിയത് സ്വകാര്യ സന്ദർശനമാണെന്ന് എ.ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സഹപാഠിയായ ആർ.എസ്.എസ് നേതാവ് കൈമനം ജയകുമാറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. പാറമേക്കാവ് വിദ്യാമന്ദിറിൽ ആർ.എസ്.എസ് ക്യാമ്പിനിടെ 2023 മേയ് 23 നായിരുന്നു കൂടിക്കാഴ്ച.
രേഖയൊഴിവാക്കാൻ ഔദ്യോഗികവാഹനമുപേക്ഷിച്ച് ആർ.എസ്.എസ് നേതാവിന്റെ കാറിലായിരുന്നു യാത്രയെന്ന് സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഹൊസബളെയുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സമ്മതിച്ചത്.