തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനുമൊക്കെ നിയമവും ചട്ടവും സാങ്കേതികത്വവും പറയുന്ന ഗവർണർ, കേന്ദ്ര നിർദ്ദേശപ്രകാരം ഇറക്കിയ ഓർഡിനൻസിന് മിന്നൽ വേഗത്തിൽ അനുമതി നൽകിയത് ചർച്ചയാവുന്നു. നിയമസഭാ സമ്മേളനം നിശ്ചയിക്കുകയും അതിന് ഗവർണറുടെ അംഗീകാരം നേടുകയും ചെയ്ത ശേഷം, മന്ത്രിസഭാ യോഗം ശുപാർശ ചെയ്ത നികുതി ചുമത്തൽ ഓർഡിനൻസിലാണ് ഗവർണർ ഒപ്പിട്ടത്.
നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്ത ശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണെന്നും അങ്ങനെ കീഴ്‌വഴക്കമില്ലെന്നും ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഓർഡിനൻസിൽ ഒപ്പിടുകയായിരുന്നു.
കാലാവധി പൂർത്തിയായിട്ടും ഗവർണർ സ്ഥാനത്ത് തുടരുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അടുത്ത ഗവർണറെ കേന്ദ്രം നിയമിക്കുന്നത് വരെയേ അദ്ദേഹത്തിന് തുടരാനാവൂ. അതിനാൽ കേന്ദ്രനിർദ്ദേശം അതേപടി അംഗീകരിക്കുകയായിരുന്നു ഗവർണർ.
അതേസമയം ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാർ ഏൽപ്പിച്ച ആദ്യ ദൗത്യം തന്നെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണർ അനുമതി നൽകുകയും ചെയ്തിരുന്നു.
നിയമസഭ വിളിക്കാൻ തീരുമാനിച്ച ശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണെന്നും അങ്ങനെ കീഴ്‌വഴക്കമില്ലെന്നും ഗവർണർ വിലയിരുത്തുകയും ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനം തീരുമാനിച്ചാൽ ഓർഡിനൻസുകളല്ല, നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരേണ്ട ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കാറുള്ളത്.
വേണമെങ്കിൽ ബില്ലായി സഭയിൽ കൊണ്ടുവന്നോളൂ എന്നും സർക്കാരിനെ ഗവർണർ അറിയിച്ചിരുന്നു. പിന്നാലെ ചീഫ്സെക്രട്ടറി ശാരദാമുരളീധരനും നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ, ധനകാര്യ എക്സ്‌പെൻഡീച്ചർ സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവരും രാജ്ഭവനിലെത്തി കേന്ദ്ര നിർദ്ദേശപ്രകാരമുള്ള ഭേദഗതിയാണ് ഓർഡിനൻസിലുള്ളതെന്ന് അറിയിച്ചു.
കേന്ദ്രനിർദ്ദേശ പ്രകാരം നികുതിഘടനയിൽ മാറ്റം വരുത്താൻ മൂന്ന് നിയമഭേദഗതികളടങ്ങിയ ഓർഡിനൻസാണിത്. 2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ളതാണ് കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ്.
ജി.എസ്.ടി കൗൺസിൽ പാസാക്കിയ ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തുക പിരിച്ചെടുക്കാനുള്ള ഭേദഗതിയാണ് ഓർഡിനൻസായി പുറപ്പെടുവിക്കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം മാത്രമേ ഓർഡിനൻസ് പുറപ്പെടുവിക്കാൻ നിയമപരമായ തടസമുള്ളൂവെന്ന് ചീഫ്സെക്രട്ടറി അറിയിച്ചു.
മാത്രമല്ല ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമാണെന്നും അറിയിച്ചു. ഇതോടെ ഗവർണർ ഓർഡിനൻസിൽ ഒപ്പിടുകയായിരുന്നു. ഒക്ടോബർ നാലിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
നാലുവർഷ ബിരുദ കോഴ്സുകൾക്കായുള്ള സർവകലാശാലാ നിയമഭേദഗതി, വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഡൊമസ്റ്റിക് വർക്കേഴ്സ് ബിൽ, വയോജന കമ്മിഷൻ ബിൽ, വ്യവസായം തുടങ്ങൽ എളുപ്പത്തിലാക്കാനുള്ള ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ഭേദഗതി എന്നിവയടക്കം 8ബില്ലുകൾ സഭയുടെ പരിഗണനയ്ക്കെത്തും.