/sathyam/media/media_files/r8wnELawd0bBdRwzoOkg.jpg)
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരേ സോളാർ പീഡനക്കേസ് കെട്ടിച്ചമച്ചതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ പത്നി മറിയാമ്മ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അതിന് തയ്യാറായേക്കില്ല. അഗ്നിപർവതം പോലെ വന്ന് ഒരു കുടുംബത്തെയാണ് ആരോപണം തകർത്തത്. ആർക്കും സഹതാപം തോന്നിയില്ലെന്നും ഇപ്പോൾ ദൈവത്തെപ്പോലെ കാണുന്നവരൊന്നും അന്ന് കൂടെ നിന്നില്ലെന്നും മറിയാമ്മ പറഞ്ഞിരുന്നു. എന്നാൽ സോളാർ വിവാദനായിക ഉമ്മൻചാണ്ടിയടക്കം കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരേ ലൈംഗികപീഡന പരാതി ഉന്നയിച്ചതിനു പിന്നിലെ ഗൂഢാലോചന സ്വമേധയാ അന്വേഷിക്കില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.
അന്വേഷണത്തിനിടെ സി.ബി.ഐ ഗൂഢാലോചന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസിന് കേസെടുക്കാനാവും. ഗൂഢാലോചനയ്ക്ക് ഐ.പി.സി 120-ബി വകുപ്പ് ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാം. ഉമ്മൻചാണ്ടിക്കെതിരേ 10വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് വ്യാജമായി ചമച്ചത്. ഐ.പി.സി-211പ്രകാരം ഇത്തരം കേസിൽ വ്യാജരേഖ ചമയ്ക്കുന്നത് 7വർഷം ശിക്ഷകിട്ടാവുന്ന കുറ്റമാണ്.
ഉമ്മൻ ചാണ്ടിക്കെതിരായ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനാൽ പുതിയ എഫ്.ഐ.ആറില്ലാതെ തുടരന്വേഷണം സാദ്ധ്യമല്ലെന്നാണ് സി.ബി.ഐ നിലപാട്. പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നിങ്ങനെ 10വർഷംതടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റങ്ങളാണ് ഉമ്മൻചാണ്ടിക്കെതിരേ കെട്ടിച്ചമച്ചത്.
കേസിന് ആധാരമായ പരാതിക്കാരിയുടെ കത്ത് അടിമുടി വ്യാജമാണെന്നാണ് സി.ബി.ഐ കണ്ടെത്തൽ. 50ലക്ഷം രൂപ കൈപ്പറ്റി കത്ത് പരാതിക്കാരി മറ്റുചിലർക്ക് കൈമാറുകയായിരുന്നു. ഉമ്മൻചാണ്ടിക്കെതിരേ നേരിട്ടുള്ള തെളിവോ സാഹചര്യത്തെളിവോ ഇല്ലെന്നും സാമ്പത്തികആരോപണത്തിനടക്കം രേഖയില്ലെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
കെട്ടിച്ചമച്ച സാക്ഷിമൊഴികളും വിലയ്ക്കെടുത്ത സാക്ഷികളെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ഉപയോഗിച്ചാണ് കേസ് ബലപ്പെടുത്തിയതെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ. പണം നൽകി കള്ളമൊഴി കൊടുപ്പിച്ചെന്ന് രണ്ട് സാക്ഷികൾ വെളിപ്പെടുത്തി. പരാതിക്കാരിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ഉന്നതർ നിർദ്ദേശിച്ചിരുന്നു. സി.ബി.ഐയ്ക്ക് മുന്നിലെത്തിയത് 19പേജുള്ള കത്താണ്. പരാതിക്കാരിയുടെ മൊഴിയിൽ 30പേജുണ്ടായിരുന്നു. പക്ഷേ കോടതിയിൽ നൽകിയത് 4പേജുള്ള കത്ത് മാത്രമെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്.
പീഡനപരാതിയുന്നയിച്ച ദിവസം അവർ ക്ലിഫ്ഹൗസിൽ എത്തിയിരുന്നില്ലെന്നും വ്യാജമൊഴി നൽകാൻ പി.സി. ജോർജ്ജിനോടാവശ്യപ്പെട്ടതുമടക്കം കണ്ടെത്തിയാണ് പരാതിക്ക് പിന്നിലെ ഗൂഢാലോചന സി.ബി.ഐ സ്ഥിരീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ റിപ്പോർട്ട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്. തുടരന്വേഷണ ആവശ്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഉമ്മൻചാണ്ടിക്ക് പുറമെ കെ.സി.വേണുഗോപാൽ, അടൂർപ്രകാശ്, അബ്ദുള്ളക്കുട്ടി, ഹൈബിഈഡൻ എന്നിവർക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്.
ഗൂഢാലോചന അന്വേഷിക്കണമെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കണം. ഇതിന് സാദ്ധ്യത കുറവാണ്. അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ ആസ്ഥാനത്തിന്റെ തീരുമാനമുണ്ടാവണം. കേസേറ്റെടുത്താൽ എഫ്.ഐ.ആർ സി.ബി.ഐ കോടതിയിൽ റീ-രജിസ്റ്റർ ചെയ്യണം.
കേസ് അവസാനിപ്പിച്ച സി.ബി.ഐ റിപ്പോർട്ടിനെതിരേ പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാം. ഈ ഹർജിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും കക്ഷിചേരാം. ഗൂഢാലോചനയിൽ തുടരന്വേഷണത്തിന് ഹൈക്കോടതിക്ക് ഉത്തരവിടാനാവും. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. സി.ആർ.പി.സി 202 പ്രകാരം അന്വേഷണത്തിനും തെളിവെടുപ്പിനും ഉത്തരവിടാനാവും.