/sathyam/media/media_files/pVRaCPUDvUCkxpvGNNGJ.jpg)
മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും മനോനില സാധാരണ നിലയിലാകുന്നത് വരെ കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സ്കൂളുകൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത് . കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിക്കാൻ അടിയന്തരമായി ഇടപെട്ടു. മേപ്പാടി ജിഎച്ച്എസ്എസിൽ 12 ക്ലാസ് മുറികളും രണ്ട് ഐടി ലാബും ഒരുക്കും. എപിജെ ഹാളിൽ 5 ക്ലാസ് മുറികൾ ഒരുക്കും. പാഠപുസ്തകം നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞു. ക്യാമ്പുകൾ മാറ്റിയാലേ വിദ്യാഭ്യാസം നടത്താൻ കഴിയൂ. അതിനായുള്ള പരിശ്രമത്തിലാണെന്നും നഷ്ടപ്പെട്ട ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.