/sathyam/media/media_files/bnu3RzCJ3g8fZNZVK5ek.jpg)
കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തെ പിടിച്ചുകുലുക്കിയ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി പൊലീസ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 2 മാസം പിന്നിടുമ്പോഴാണ് നിർണായകമായ വിവാദത്തിന് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞത്. ഇതിനൊപ്പം സി.പി.എം അനുകൂല എഫ്.ബി പേജായ പോരാളി ഷാജിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നതും വ്യക്തമായി. വഹാബ് എന്നയാളാണ് പോരാളി ഷാജി പേജിൻെറ അഡ്മിൻ എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളാണെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. ഇടത് അനുകൂല സൈബർ പ്രചരണോപാധികളായ റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ചതെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. വ്യാജ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസില്‍ നാല് പേരുടെ മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ വരുന്ന കേസില്‍ ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ഹൈക്കോടതിയെ അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഫേസ് ബുക്ക് പേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് അധികൃതർക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങ് ദിവസത്തിന് തൊട്ടുതലേന്നാണ് കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചതെന്നാണ് പൊലിസിൻെറ കണ്ടെത്തൽ.
റെഡ് എന്‍കൗണ്ടര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. റിബേഷ് രാമകൃഷ്ണൻ എന്നയാളാണ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇത് ആദ്യം അയച്ചത്. റെഡ് എന്‍കൗണ്ടര്‍ എന്ന വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ് രാമകൃഷ്ണൻ. ഇതേ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമായ അമല്‍ രാമചന്ദ്രൻെറ മൊഴി ഉദ്ധരിച്ചാണ് പൊലിസ് റിബേഷിനെ കുറ്റക്കാരനാക്കുന്നത്. റെഡ് എന്‍കൗണ്ടർ വാട്സാപ് ഗ്രൂപ്പ് വഴി മാത്രമല്ല വ്യാജ സക്രീൻഷോട്ട് പ്രചരിച്ചത്.
റെഡ് എൻകൗണ്ടറിന് ശേഷം റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് കൂടുതൽ ആളുകളിലേക്കെത്തി. സി.പി.എമ്മിന് വേണ്ടി സൈബർ ചാവേറുകളായി പെരുമാറുന്ന അമ്പാടിമുക്ക് സഖാക്കള്‍ ഫേസ് ബുക് പേജിന്റെ അഡ്മിന്‍ ആയ മനീഷ് മനോഹരന്‍ ആണ് ഈ വാട്‌സ് ആപ് ഗ്രൂപ്പിന്റെയും അഡ്മിനെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വോട്ടെടുപ്പിൻെറ തലേന്ന് രാത്രിയോടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് മറ്റൊരു സി.പി.എം സൈബർ ചാവേർ ഗ്രൂപ്പിൻെറ ഫേസ്ബുക് പേജായ പോരാളി ഷാജിയിലും വന്നു. പോസ്റ്റ് ചെയ്തു.ഈ കണ്ടെത്തലോടെ പോരാളി ഷാജി എന്ന ഫേസ് ബുക്ക് പേജിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നതും വ്യക്തമായി. പോരാളി ഷാജി എന്ന എഫ് ബി പേജ് ഫേസ്ബുക്കിലെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രണ്ട് മൊബൈൽ നമ്പറുകൾ വഴിയാണ്.
ഈ നമ്പർ വഴിയാണ് പോരാളി ഷാജി എന്ന സി.പി.എം അനുകൂല എഫ്.ബി പേജിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് പൊലിസ് എത്തിയത്. എഫ് ബി അക്കൗണ്ടുമായി ലിങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ രണ്ട് മൊബൈല്‍ ഫോണ്‍ നമ്പറുകളും വഹാബ് എന്നയാളുടെ പേരിലുളളതാണ്. ഇതോടെയാണ് പോരാളി ഷാജിയെന്ന സി.പി.എമ്മിലെ തന്നെ പി.ജയരാജൻ അനുകൂല എഫ് ബിപിന്നില്‍ പ്രവര്‍ത്തിക്കുന്നത് വഹാബ് എന്നയാളാണെന്ന് വ്യക്തമായത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പോരാളി ഷാജി ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്തെത്തിയിരുന്നു. ജയരാജൻെറ ആവർത്തിച്ചുളള അഭ്യർത്ഥന വന്നിട്ടും പേജിന് പിന്നിൽ അണിനിരക്കുന്നവർ സ്വയം വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല.
പോരാളി ഷാജിക്ക് പിന്നിൽ പ്രവർത്തിക്കുന്നയാളാണെന്ന് വ്യക്തമായതോടെ പൊലീസ് വഹാബിനെ ചോദ്യം ചെയ്തു.വഹാബിൻെറ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വഹാബിനൊപ്പം വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മറ്റ് മൂന്നു പേരുടെ കൂടി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ദ്ധ പരിശോധനയ്ക്കയച്ചിട്ടുണ്ട്. റിബേഷ് രാമകൃഷ്ണന്‍, അമല്‍ രാമചന്ദ്രന്‍, മനീഷ് മനോഹരന്‍, എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് പരിശോധനയ്ക്കയച്ചത്.
വാട്‌സാപ്പിലും ഫേസ്ബുക്കിലും വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഒരേ കേന്ദ്രങ്ങൾ തന്നെയാണെന്നാണ് പൊലിസിൻെറ നിഗമനം. ഇത് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായ മനീഷ് മനോഹരനും റിബേഷ് രാമകൃഷ്ണനും ഇടത്-സി.പി.എം അനുകൂല സൈബര്‍ വാട്‌സ് ആപ്, ഫേസ്ബുക് ഗ്രൂപ്പുകളുടെ നടത്തിപ്പുകാരാണ്.കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പഴികേൾക്കേണ്ടി വന്ന യു.ഡി.എഫ് ക്യാമ്പിന് ഏറെ ആശ്വാസം പകരുന്നതാണ് ഈ കണ്ടെത്തലുകൾ.
സമൂഹത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കി വോട്ട് തട്ടാനുളള നാലാംതരം മാർഗമായിരുന്നു വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിലൂടെ പയറ്റിയത്.സംഭവം പുറത്തായപ്പോൾ തന്നെ യു.ഡി.എഫ് നേതാക്കൾ സി.പി.എം ഇടത് സൈബർ സംഘങ്ങളുടെ പങ്കിനെപ്പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു.അതാണ് ഇപ്പോൾ പൊലിസ് അന്വേഷണത്തിലൂടെ സ്ഥരീകരിക്കപ്പെട്ടത്.