Advertisment

മുഖ്യമന്ത്രി അവഗണിച്ചെങ്കിലും അൻവറിന്റെ പരാതി അന്വേഷിക്കാൻ സിപിഎം. സ്വർണക്കടത്തും കൊലയുമടക്കം അതീവഗുരുതര ആരോപണങ്ങൾ സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ കെടുത്തിയെന്ന് വിലയിരുത്തൽ. ആഭ്യന്തര വകുപ്പിലെ സ്ഥലംമാറ്റത്തിന് കടിഞ്ഞാണിട്ട് പാർട്ടി. ജയിൽ വകുപ്പിലെ കൂട്ട സ്ഥലംമാറ്റവും പാർട്ടി ഇടപെട്ട് മരവിപ്പിച്ചു. പിണറായി സർക്കാരിന് പാർട്ടിയുടെ കടിഞ്ഞാണിടാൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1440525-pv-anwar-mla

തിരുവനന്തപുരം: സ്വർണക്കടത്തും സ്വർണം പൊട്ടിക്കലും സ്വ‌ണക്കടത്തിനായി ആളെക്കൊല്ലിക്കലും ക്രിമിനൽ പ്രവർത്തനങ്ങളുമടക്കം പോലീസിനെതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇനി പാർട്ടി ചർച്ച ചെയ്യും.

Advertisment

പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് അൻവർ കൈമാറിയിട്ടുണ്ട്. ഇപ്പോൾ ഈ വിവാദങ്ങൾ പാർട്ടിയുടെ കോർട്ടിലായിട്ടുണ്ട്. പാർട്ടിയുടെ സമ്മേളനകാലം തുടങ്ങിയിരിക്കെ, അൻവറിന്റെ കത്ത് ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിൽ കത്തിപ്പടരുമെന്ന് ഉറപ്പാണ്. മാത്രമല്ല, സർക്കാരിൽ പാർട്ടിയുടെ നിയന്ത്രണം തുടങ്ങിയിട്ടുമുണ്ട്.


അടുത്തിടെ ആഭ്യന്തര വകുപ്പിലെ ഏതാനും നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇച്ഛിച്ചതു പോലെ ഉത്തരവിറക്കാൻ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം പാർട്ടി നേതൃത്വം നൽകിയെന്നാണ് സൂചന. ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.


ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റത്തിലും ജയിൽ വകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തിലുമാണ് പാർട്ടിയുടെ ഇടപെടലുണ്ടായത്. മുഖ്യമന്ത്രിയോട് നാലുവട്ടം ജില്ലാ നേതാവ് നേരിട്ട് ശുപാ‌ർശ ചെയ്തിട്ടും ഡിവൈ.എസ്.പി സ്ഥലംമാറ്റം നടത്താനായില്ല. ജയിൽ വകുപ്പിൽ കൈക്കൂലിക്കാരനെന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഡി.ഐ.ജി നേരിട്ടാണ് സ്ഥലംമാറ്റത്തിനുള്ള പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത്.

പാർട്ടിയുടെ താത്പര്യം വിസ്മരിച്ച് പണമിടപാടിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റായിരുന്നു അത്. ഈ പട്ടിക അംഗീകരിച്ച് ഉത്തരവിറക്കാനുള്ള ഘട്ടത്തിലാണ് പാർട്ടിയുടെ നിയന്ത്രണം വന്നത്. പാർട്ടി താത്പര്യത്തിന് വിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവ് പാടില്ലെന്ന് കർശന നി‌ർദ്ദേശം എ.കെ.ജി സെന്ററിൽ നിന്ന് നൽകി.ഇതോടെ ഡി.ഐ.ജി തയ്യാറാക്കിയ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കുകയായിരുന്നു.


ഈ സ്ഥലംമാറ്റം രണ്ടുമാസത്തോളമായിട്ടും ഇതുവരെ നടപ്പാക്കാനായിട്ടില്ല. സമാനമായ നിയന്ത്രണങ്ങൾ പലകാര്യങ്ങളിലും പാർട്ടി ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അൻവറിന്റെ കത്ത് ലഭിച്ചതോടെ നിയന്ത്രണം കടുപ്പിക്കാനാണ് സാദ്ധ്യത.


 മുൻപ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, പ്രധാന ഫയലുകളെല്ലാം എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. പാർട്ടിയുടെ അനുമതി കിട്ടാതെ ഒരു ഉത്തരവും ഇറക്കാൻ അക്കാലത്ത് കഴിയുമായിരുന്നില്ല. ഈ സ്ഥിതിയിലേക്ക് തിരിച്ചുപോയില്ലെങ്കിലും പിണറായി സർക്കാരിന് മേൽ ചെറിയ തോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരാനാണ് പാർട്ടിയുടെ ശ്രമം. 

ഇപ്പോഴത്തെ ആരോപണങ്ങൾ തുടർഭരണം നൽകിയ ജനങ്ങളെ പുച്ഛിക്കുന്നതാണെന്നും സാമാന്യജനത്തിനുള്ള സംശയങ്ങളും ആശങ്കകളുമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും അൻവർ ആവർത്തിക്കുമ്പോൾ പാർട്ടിക്ക് ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്താനുള്ള വഴിയാണ് ഒരുങ്ങുന്നത്.


മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു. അതിന് കാരണം പൊലീസിന്റെ വഴിവിട്ട പ്രവർത്തനങ്ങളാണ്. പൊലീസ് പാര്‍ട്ടിയെ തളര്‍ത്തിക്കളഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം.


 സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനാണ്മം ശ്രമം. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്‌കാരം വളര്‍ത്തിയെടുത്തിരിക്കുകയാണ് എഡിജിപി. മന്ത്രിമാരെ പോലും ഗൗനിക്കാത്തവരായി ചില ഉദ്യോഗസ്ഥര്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. പി ശശി പൂര്‍ണ പരാജയമാണ്. പാര്‍ട്ടി പ്രശ്‌നം പഠിക്കട്ടെ. എന്താണ് പി ശശിയുടെ ഉദ്ദേശ്യലക്ഷ്യമെന്ന് പാര്‍ട്ടി പറയട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി.

അൻവറിന്റെ രേഖാമൂലമുള്ള പരാതികൾ കിട്ടിയതോടെ പാർട്ടിക്ക് ആരോപണങ്ങൾ അന്വേഷിക്കാനും നടപടിയെടുക്കാനും കഴിയും. വേണമെങ്കിൽ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനും പാർട്ടിക്ക് കഴിയും.


അൻവറിന്റേത് രാഷ്ട്രീയ പ്രേരിതമായ ആരോപണമല്ല എന്നാണ് പൊതുമദ്ധ്യത്തിൽ സർക്കാരും പാർട്ടിയും പറയുന്നതെങ്കിലും കണ്ണൂർ ലോബിയിലെ ശക്തനായ പി.ജയരാജന്റെ അനുഗ്രാശിസുകളോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിവരം.


 ജയരാജനെ വ്യക്തിപൂജ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പാർട്ടിയിൽ ഒതുക്കിയിട്ടിരിക്കുകയാണ്. നേരത്തേ നടപടികൾക്ക് വിധേയനായിരുന്ന ശശിയാവട്ടെ പൊളിറ്റിക്കൽ സെക്രട്ടറി കസേരയിലെത്തി അതിശക്തനായി വിലസുന്നു. എം.എൽ.എമാർക്കോ പാർട്ടി നേതാക്കൾക്കോ പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാനോ അദ്ദേഹത്തെ കാണാനോ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ നേതാക്കളും എം.എൽ.എമാരുമെല്ലാം ശശിയോട് കടുത്ത എതിർപ്പിലുമാണ്.


കെ.ടി.ജലീൽ, യു.പ്രതിഭ അടക്കം ഏതാനും എം.എൽ.എമാർ അൻവറിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം താൻ പി ജയരാജനുമായി സംസാരിച്ചിട്ടില്ലെന്നും അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും അൻവർ വിശദീകരിക്കുന്നു. കെ.ടി ജലീലുമായി കണ്ടു, സംസാരിച്ചു. കാരാട്ട് റസാഖുമായി സംസാരിച്ചത് ഇന്നലെ മാത്രമാണ്.


 പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുമെന്ന് റസാഖിനോട് പറഞ്ഞു. റസാഖുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരാളുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല. കൂടിയാലോചന നടത്തിയെന്ന് കാരാട്ട് റസാഖ് പറഞ്ഞത് തെറ്റാണ്. ധാര്‍മിക ഉത്തരവാദിത്തമാണ് പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ചെയ്യുന്നത്.


പലരും മുമ്പും പരാതികള്‍ ഉന്നയിക്കാന്‍ ശ്രമിച്ചു. പരാതികള്‍ ഉന്നയിച്ചാല്‍ ചെന്നെത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മേശപ്പുറത്താണ്. അതിന് പരിഹാരമുണ്ടാകുന്നില്ല. പി ശശിയെ കുരുക്കിലാക്കണമെന്നില്ല. പറഞ്ഞ കാര്യം പരിശോധിക്കുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൂടി പറയേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു. സാമൂഹിക നീതിക്കപ്പുറം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ല.


 ആരെയും കബളിപ്പിക്കാനുള്ള ശേഷി അജിത് കുമാറിനുണ്ട്. അജിത് കുമാറിന്റെ ഇടപെടലിലൂടെ പലര്‍ക്കും പലതും മനസിലാകാതെ പോയി. പൂരം കലക്കിയതിലൂടെ സര്‍ക്കാരിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് എഡിജിപി ചെയ്തതെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. അൻവറിന്റെ ഈ നിലപാടുകൾ പാർട്ടിക്ക് തള്ളിക്കളയാൻ കഴിയുന്നതല്ല. അതിനാൽ സമ്മേളനകാലത്ത് കടുത്ത നിയന്ത്രണങ്ങൾ സർക്കാരിനു മേൽ ഏർപ്പെടുത്താൻ പാർട്ടി തയ്യാറായേക്കുമെന്നാണ് സൂചന.

Advertisment