/sathyam/media/media_files/VLT8u1kI7uR8SrCymwrH.webp)
തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളും എ.ഡി.ജി.പിയുമായുളള കൂടിക്കാഴ്ച രാഷ്ട്രീയവിവാദമായി മുന്നണിയിൽ ഭിന്നതയ്ക്ക് വഴിവെച്ചിട്ടും കുലുക്കമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണി യോഗത്തിൽ സി.പി.ഐയും എൻ.സി.പിയും ആർ.ജെ.ഡിയും എല്ലാം ശക്തമായി ആവശ്യം ഉന്നയിച്ചിട്ടും എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല.
ഘടകകക്ഷികളുടെ ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും അന്വേഷണ റിപോർട്ട് കുറ്റക്കാരനെന്ന് കണ്ടെത്താതെ അജിത് കുമാറിനെ തൊടില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. സർക്കാരിൻെറയും മുന്നണിയുടെയും പ്രതിഛായയെ ബാധിച്ചിട്ടും വാശിപോലെ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിൻെറ പിന്നിൽ എന്താണെന്നാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും ഉയരുന്ന ചോദ്യം.
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൻെറ പേരിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ച മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് നേതാക്കളുമായി ഊഴം വെച്ച് കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ സംരക്ഷിച്ച് ചേർത്ത്പിടിക്കുന്നത്.
രാഷ്ട്രീയ നിലപാടിന് അപ്പുറം വ്യക്തിപരമായ വാശിയായി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ചോദ്യംചെയ്യാൻ മുന്നണിയിലും സി.പി.എമ്മിലും ആരുംധൈര്യം കാണിക്കുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റോ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐയോ ആ ധൈര്യം കാണിച്ചിരുന്നെങ്കിൽ എം.ആർ. അജിത് കുമാർ ഇതിനകം ക്രമസമാധാന ചുമതലയിൽ നിന്ന് മാറിയിരുന്നേനെ എന്നാണ് ഇടതുമുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
ഇത്രയധികം വിവാദമാകുകയും മുന്നണിയിലും പാർട്ടിയിലും സർക്കാരിലും പ്രതിസന്ധിയായി മാറുകയും ചെയ്തിട്ടും അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകാത്തത് സി.പി.എം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.
നടപടി എടുക്കാത്തതിൻെറ പേരിൽ മുഖ്യമന്ത്രി തന്നെ വിമർശിക്കപ്പെട്ടിട്ടും അജിത് കുമാറിനെ വിട്ടുകളയാതെ ചേർത്ത് നിർത്തിയിരിക്കുന്നത് അത്രയേറെ കടപ്പാട് ഉണ്ടായതിൻെറ പേരിലാണെന്നാണ് ആക്ഷേപം. ആ കടപ്പാട് എന്തിൻെറ പേരിലാണെന്നതാണ് ചോദ്യം.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവിൻെറ ആരോപണം.മകൾ വീണാ വിജയൻെറ മാസപ്പടി കേസുകൾ ഒതുക്കാൻ അജിത് കുമാർ സഹായിച്ചതിൻെറ പേരിലുളള കടപ്പാടാണ് ഇത്തരത്തിൽ സംരക്ഷണം നൽകാൻ കാരണമെന്നാണ് പ്രചരണം.
എന്നാൽ മാസപ്പടി ആക്ഷേപം പുറത്തുവരുന്നതിന് മുൻപാണ് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത്. ആർ.എസ്.എസ് സഹ കാര്യവാഹക് ദത്താത്രേയ ഹൊസബലയുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തുന്നത് 2023 മെയിലാണ്.അതിനടുത്ത മാസത്തിലാണ് റാം മാധവിനെ കണ്ടത്.
എന്നാൽ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് സേവനം ഒന്നും വിട്ടുനൽകാതെ പണം പറ്റിയെന്ന വിവരം പുറത്തുവരുന്നത് 2023 ഓഗസ്റ്റ് 9നാണ്. ആദായ നികുതി വകുപ്പ് ഇടക്കാല തർക്ക പരിഹാര ബോർഡിൻെറ കണ്ടെത്തൽ വിവാദമാകുന്നതിന് മുൻപായിരുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
മാസപ്പടി ആക്ഷേപത്തിന് മുൻപ് തന്നെ മുഖ്യമന്ത്രിയേയും കുടുംബത്തെയും ചുറ്റിപ്പറ്റി സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ തട്ടിപ്പ് തുടങ്ങിയ ആക്ഷേപങ്ങളുണ്ട്. അത്തരം കേസുകളിൽ പ്രതിയായവരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ അജിത് കുമാർ സഹായിച്ചെന്ന് അവർ തന്നെ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
എന്തായാലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കിട്ടാത്ത സംരക്ഷണമാണ് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നത് എന്നത് പകൽപോലെ വ്യക്തമാണ്. എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നാണ് മുന്നണി യോഗത്തിൽ സി.പി.ഐ വ്യക്തമായി ആവശ്യപ്പെട്ടത്.
പി.വി.അൻവർ ഉന്നയിച്ച പരാതിയിൽ പറയുന്ന കാര്യങ്ങൾ അതീവ ഗുരുതരമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. പൂരം കലക്കലിൽ എ.ഡി.ജി.പി അജിത് കുമാർ വഹിച്ച പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് എൻ.സി.പി സംസ്ഥാന നേതാവ് പി.സി.ചാക്കോയും ആവശ്യപ്പെട്ടു.
പൂരത്തിലെ പൊലിസ് ഇടപെടൽ വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കിയെന്നും പി.സി. ചാക്കോ ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന പൊലീസ് മേധാവി നയിക്കുന്ന സംഘത്തിൻെറ റിപോർട്ട് വന്നേ നടപടിയുളളുവെന്ന നിലപാടിൽ നിന്നും തെല്ലും പിന്നോട്ട് പോകാൻ മുഖ്യമന്ത്രി തയാറായില്ല. മുന്നണിയിലെ ചർച്ചയോ ഘടകകക്ഷികളുടെ കർശന നിലപാടോ ഒന്നും മുഖ്യമന്ത്രി പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാണ്