/sathyam/media/media_files/2024/11/25/WheyW5ylwYXT8YAYlGmx.webp)
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെയും വോട്ട് ചോർച്ചയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്ത തളളി ബി.ജെ.പി ദേശിയ നേതൃത്വം. കേരളത്തിൻെറ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറാണ് സുരേന്ദ്രൻ രാജിവെച്ചെന്ന വാർത്ത തളളി രംഗത്തെത്തിയത്.
കേരളത്തിലെ നേതാക്കൾ ആരും രാജിവെക്കുകയോ പാർട്ടി ആരുടെയും രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ സമൂഹ മാധ്യമമായ 'എക്സിലെ' കുറിപ്പിൽ അറിയിച്ചു. എൽ.ഡി.എഫും യു.ഡി.എഫും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക ആണെന്നും ജാവേദക്കർ കുറ്റപ്പെടുത്തി.
തൻെറ വിശദീകരണത്തോടെ അഭ്യൂഹങ്ങൾക്ക് അറുതിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിൽ സമാപിച്ച ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. നല്ല പോരാട്ടം കാഴ്ചവെച്ചു. 2026ൽ പാലക്കാട് ഉൾപ്പെടെ നിരവധി നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി വിജയിക്കും.
കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഒരു മാറ്റം കൊണ്ടുവരാനാണ് ബി.ജെ.പി ഇവിടെ പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെയാണ് ഉറ്റുനോക്കുന്നത്. 15 ലക്ഷത്തിലേറെ സമ്മതിദായകരാണ് കേരളത്തിൽ ബി.ജെ.പിയിൽ അംഗത്വം എടുത്തിരിക്കുന്നത്. കേവലം മിസ്ഡ് കാൾ വഴിയാണ് പൂർണ വിവരങ്ങൾ കൈമാറി ഇത്രയും പേർ പാർട്ടിയിൽ അംഗങ്ങളായത്.
ബി.ജെ.പിയുടെ അംഗത്വ കാമ്പയിൻ ശക്തമായി മുന്നോട്ട് പോകുകയാണ്. 8800002024 എന്ന നമ്പറിൽ മിസ്ഡ് കാൾ അടിച്ച് ആർക്കും ബി.ജെ.പിയിൽ അംഗത്വം എടുക്കാമെന്നും പ്രകാശ് ജാവദേക്കർ 'എക്സിൽ' കുറിച്ചു