ഉദ്യോഗസ്ഥർ ലഹരി മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുന്നു, സാധാരണക്കാരുടെ നികുതി പിടിച്ചു വാങ്ങാൻ തിടുക്കം കാട്ടുന്ന സർക്കാർ സമ്പത്തുള്ളവരുടെ നികുതി വാങ്ങാൻ തിടുക്കം കാട്ടുന്നില്ല. സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കാതോലിക്കാബാവ

New Update
1465069-kathalokka

പാലക്കാട്: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കാതോലിക്കാ ബാവ. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും ഉപയോഗിക്കാതെ ഉദ്യോഗസ്ഥർ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുകയാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവ പറഞ്ഞു.

Advertisment

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്കെതിരായ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എലപ്പുള്ളിയിലെ ജലത്തുള്ളി പോരാട്ടം എന്ന പേരിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബ്രൂവറിക്കെതിരെ സമരം നടക്കുന്നത് .

ഇതിന് പിന്തുണയുമായി എത്തിയ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവ രൂക്ഷമായ വിമർശനമാണ് സർക്കാറിന് നേരെ ഉയർത്തിയത്. 

മദ്യവും മയക്കുമരുന്നും വലിയ പ്രതിസന്ധിയാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട് . ഇവിടെയും നിയമങ്ങളുണ്ട് , എന്നാൽ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങി നടപടി സ്വീകരിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു

സാധാരണക്കാരുടെ നികുതി പിടിച്ചു വാങ്ങാൻ തിടുക്കം കാട്ടുന്ന സർക്കാർ സമ്പത്തുള്ളവരുടെ നികുതി വാങ്ങാൻ തിടുക്കം കാട്ടുന്നില്ല . ഓരോ തെരഞ്ഞെടുപ്പിനും ഇത്തരം ആളുകൾ രാഷ്ട്രീയ പാർട്ടികളെ സഹായിക്കുന്നതിന്റെ പ്രതിഫലമാണ് ഇതെന്നും കാത്തോലിക്കാബാവാ വിമർശിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരിച്ചപ്പോഴും മദ്യത്തിന്റെ ഉപയോഗത്തെ കുറയ്ക്കാൻ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാവ് വി.എം സുധീരൻ വേദിയിൽ ഇരിക്കെ തന്നെയായിരുന്നു കാത്തോലിക്കാ ബാവ യുടെ വിമർശനം . എലപ്പുള്ളിയിൽ ബ്രൂവറി വരുന്നത് വലിയ പ്രതിസന്ധിയാകുമെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.