Advertisment

കേരളത്തിൽ ദിവസക്കൂലി ദേശീയശരാശരിയുടെ ഇരട്ടി - റിസർവ് ബാങ്ക്

New Update
rbi n

രാജ്യത്തെ ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവുംകൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. നിർമാണത്തൊഴിലാളികളായ പുരുഷന്മാർക്ക് ശരാശരി ദിവസക്കൂലി 393.30 രൂപയാണെങ്കിൽ കേരളത്തിൽ ഇത് 852.5 രൂപയാണ്. മധ്യപ്രദേശും ഗുജറാത്തുമാണ് ഏറ്റവും പിന്നിലെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പറയുന്നു.

Advertisment

നിർമാണമേഖലയിലെ പുരുഷതൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, ഉദ്യാന-തോട്ട തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിങ്ങനെ നാലായി തിരിച്ചാണ് പട്ടിക പുറത്തുവിട്ടത്. ഈ നാല് വിഭാഗങ്ങളിലും കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്.

മധ്യപ്രദേശിലെ ഗ്രാമീണമേഖലയിലെ പുരുഷന്മാരായ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി 229.2 രൂപയും ഗുജറാത്തിൽ 241.9 രൂപയുമാണ്. ഈ വിഭാഗത്തിലെ ദേശീയ ശരാശരി വരുമാനം 345.7 രൂപയായിരിക്കുമ്പോൾ കേരളത്തിൽ ഇത് 764.3 രൂപയാണ്. ദിവസക്കൂലിയിൽ ജമ്മു-കശ്മീരാണ് (550.4) രണ്ടാംസ്ഥാനത്ത്. തൊട്ടുപിന്നിൽ ഹിമാചൽപ്രദേശ് (473.3), ഹരിയാണ (424.8), തമിഴ്‌നാട് (470) എന്നീ സംസ്ഥാനങ്ങളാണ്.

കർഷകത്തൊഴിലാളിക്ക് മധ്യപ്രദേശിൽ പ്രതിമാസം 25 ദിവസത്തെ ജോലി ലഭിച്ചാൽ മാസവരുമാനം 5,730 രൂപയായിരിക്കും. ഇത് നാലുമുതൽ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വീട്ടുചെലവിന് മതിയാകില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. എന്നാൽ, ഏറ്റവും ഉയർന്ന വേതനം (764.3) ലഭിക്കുന്ന കേരളത്തിലെ കർഷകത്തൊഴിലാളിക്ക് ഒരുമാസത്തിൽ 19,107 രൂപ ലഭിക്കുന്നു.

Advertisment