കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം എന്ന വാ‍ർത്ത ചമച്ചതിന് പിന്നിൽ കെ.പി.സി.സിയിലെ മൂവർ സംഘമോ ? ഇന്ദിരാ ഭവൻ കേന്ദ്രീകരിച്ച് പ്രവർ‍ത്തിക്കുന്ന മൂവർ സംഘത്തിന്റ അപ്രമാദിത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് വാർത്ത ചോർത്തലിന് കാരണമായതെന്ന് ആക്ഷേപം. പ്രസിഡൻറിനെ മറയാക്കി എല്ലാ നിർണായക തീരുമാനങ്ങളിലും കൈകടത്തുന്ന സംഘത്തിന് കടിഞ്ഞാൺ നഷ്ടപ്പെടുമോയെന്ന് ആശങ്ക !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1412313-k-sudhakarna-vd-satheesan.webp

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൻെറ ശോഭ കെടുത്തുന്ന തരത്തിൽ കോൺഗ്രസ് ഭാരവാഹി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവിന് എതിരായ വാർത്ത പടച്ചതിന് പിന്നിൽ കെ.പി.സി.സി ഭാരവാഹികൾക്കിടയിലെ മൂവർ സംഘമെന്ന സംശയം ഉയരുന്നു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ മറയാക്കി നിർണായക തീരുമാനങ്ങൾ തൊട്ട് നാട്ടിലെ പ്രാദേശിക സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ വരെ ഇടപെടുന്നത് ഈ മൂവർ സംഘമാണെന്ന ആക്ഷേപം ശക്തമാണ്. ആ മൂവർ സംഘത്തിൻെറ അരക്ഷിത ബോധമാണ് പാർട്ടിയുടെയും അതിൻെറെ രാഷ്ട്രീയ സാധ്യതകൾക്കുമേലും കരിനിഴൽ വിഴ്ത്തുന്ന ഗ്രൂപ്പിസത്തിൻെറ ചുവയുളള വിവരങ്ങൾ പുറത്തു ചാടിയതിൻെറ കാരണം.

Advertisment

കെ.പി.സി.സി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മൂവർ സംഘത്തിലെ പ്രധാനി  ഒരു രാഷ്ട്രീയകാര്യ സമിതി അംഗമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി 10 വർഷത്തോളം പുറത്തായിരുന്ന, പിന്നെ തിരികെയെത്തി പ്രസിഡന്റിൻെറ വിശ്വസ്തനെന്ന പേരിൽ അറിയപ്പെടുന്ന കെ.പി.സി.സി സെക്രട്ടറിയാണ് മറ്റൊരു പ്രധാനി. പാർട്ടിയിൽ സജീവമല്ലാതെ വിരമിക്കൽ മൂടിലായിരിക്കുകയും പെട്ടെന്ന് സജീവമായി സംഘടനയുടെ പ്രധാന ചുമതല ഏറ്റെടുത്ത ജനറൽ സെക്രട്ടറി എന്നിവരാണ് മൂവ‍ർ സംഘത്തിൻെറ പട്ടികയിലുള്ളത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പിൻെറ ഏകോപന ചുമതലയിലേക്ക് ഇലക്ഷൻ മാനേജ്‌മെന്റിൽ വിദക്ദ്ധനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വരുമ്പോൾ പാർട്ടിയിലെ തങ്ങളുടെ അപ്രമാദിത്വത്തിന് കോട്ടമുണ്ടാകുമോ എന്നാണ് മൂവർ സംഘത്തിൻെറ ആശങ്ക. ആ നിരാശയിൽ നിന്ന് ഉയർന്നുവന്നതാണ് ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവിന് വിമർശനമെന്ന വാർത്ത.

കാര്യങ്ങൾ നേരായ മാർഗത്തിൽ പോകരുതെന്ന്  ആർക്കൊക്കെയോ നിർബന്ധമുളളത് പോലെയാണ് കാര്യങ്ങൾ സംഭവിച്ചതെന്ന വികാരമാണ് പാർട്ടിക്കകത്ത് നിറയുന്നത്. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻെറ പ്രതികരണത്തിൽ അത് വ്യക്തമാകുകയും ചെയ്തു." മിഷൻ 25 ചുമതല പ്രതിപക്ഷ നേതാവിനാണ്. പ്രതിപക്ഷ നേതാവിന് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കാം, അതിൽ തടസമൊന്നുമില്ല. ഇപ്പോഴത്തെ വിവാദം തെറ്റിധാരണ മൂലം ഉണ്ടായിരിക്കുന്നതാണ്.  7c3285ff-1d06-4dd1-b272-276498fb1014

പ്രതിപക്ഷ നേതാവ് വഴി വിട്ടൊന്നും ചെയ്തിട്ടില്ല. കെ.പി.സി.സി പ്രസിഡൻ്റ് പാർട്ടിയുടെ അവസാനത്തെ വാക്കാണ്. പാർട്ടിക്കുള്ളിലിരുന്ന് ചെവി കടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തിയാൽ പാർട്ടിക്ക് പുറത്താക്കുക തന്നെചെയ്യും. പാർട്ടി നല്ല രീതിയിൽ പോകുന്നതിൽ ചിലർക്ക് അസ്വസ്ഥതയുണ്ട്. അവരാണ് പാർട്ടിക്കുള്ളിലെ ഇല്ലാത്ത വിവരങ്ങൾ വാർത്തയായി നൽകുന്നത്'' - ഉണ്ണിത്താൻ കോഴിക്കോട്ട് പ്രതികരിച്ചു. ആർക്കാണ് അസ്വസ്ഥതയുളളതെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഉണ്ണിത്താൻ ലക്ഷ്യം വെച്ചത് കോൺഗ്രസ് ആസ്ഥാനത്തെ മൂവർ സംഘത്തെ തന്നെയാണ് എന്നാണ് പുറത്തുവരുന്ന സൂചന.

കെ.പി.സി.സി പ്രസിഡന്റിൻെറ ഏകപക്ഷീയമായ തീരുമാനമെന്ന് വിമർശിക്കപ്പെട്ട പല തീരുമാനങ്ങളുടെയും പിന്നിൽ ഇന്ദിര ഭവനിലെ ഈ ത്രയം ആയിരുന്നു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവിനെതിരായ വിമർശനം നടന്നുവെന്ന് പറയപ്പെടുന്ന കെ.പി.സി.സി ഭാരവാഹികളുടെ ഓൺലൈൻ യോഗവും മൂവർസംഘത്തിൻെറ സൃഷ്ടിയാണ്.

അടിയന്തിര യോഗമെന്ന പേരിൽ ഓൺലൈൻ യോഗം സംഘടിപ്പിച്ചത് സതീശനെതിരെ മുൻകൂട്ടി തയാറാക്കിവെച്ച വിവരങ്ങൾ പുറത്തുവിടാനാണെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. കെ. സുധാകരൻെറ ആരോഗ്യപരിമിതികൾ ഉപയോഗപ്പെടുത്തിയാണ് ഉപദേശകരായി ഇന്ദിരാഭവനിൽ ചടഞ്ഞിരിക്കുന്ന മൂവർ  സംഘം  തീരുമാനങ്ങളിൽ കൈകടത്തി പോരുന്നത്. കെ.പി.സി.സി പ്രസിഡന്റിൻെറ ലെറ്റർപാ‍ഡ് വരെ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപമുണ്ട്.  

ഓരോ സ്ഥലത്തെയും പ്രാദേശിക സഹകരണ സംഘങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വരെ പ്രസിഡന്റിൻെറ പേര് ദുരുപയോഗം ചെയ്ത് സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ വാകത്താനം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ  കത്തയച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കെ.പി.സി.സി പ്രസിഡന്റിൻെറ താൽപര്യമാണെന്ന് കാണിച്ചാണ് കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന് കത്തയച്ചിരിക്കുന്നത്. ഇങ്ങനെ തന്നെയാണ് വിവാദമായ പല മണ്ഡലം കമ്മിറ്റി പുന:സംഘടനകളും നടന്നത്. പ്രസിഡന്റിൻെറ താൽപര്യമെന്ന് ചൂണ്ടിക്കാട്ടി മൂവർസംഘം സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.

 കെ.പി.സി.സി ഭാരവാഹിയോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം നടന്നുവെന്ന വിവരം പുറത്തായതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻ‍ഡ് ഗൗരവമായി കാണുമെന്ന സൂചനയാണ് സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻെറ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. പാ‍ർ‍ട്ടിയിൽ  ആശയക്കുഴപ്പങ്ങൾ ഇല്ല. സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. അവർ ഒരുമിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നത്. വി.ഡി.സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് തന്നെ നേരിടും.

കോൺഗ്രസിൽ ഒരു ആശയക്കുഴപ്പവുമില്ല. ചിലർ തെറ്റായ വാർത്തകൾ  പ്രചരിപ്പിക്കുന്നു. ചെറിയ കാര്യങ്ങൾ പർവതീകരിക്കുന്നു. മുഖംനോക്കാതെ നടപടി ഉണ്ടാകും. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകളൊക്കെ ഉണ്ടാകും. അത് പർവതീകരിക്കേണ്ടതില്ല.ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. അതിലൊക്കെ നടപടി ഉണ്ടാകും'' കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിലെ  ഭിന്നത തീര്‍ക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇടപെടും. ഇരു നേതാക്കളുമായും ദീപാദാസ് മുന്‍ഷി ഉടന്‍ സംസാരിച്ചേക്കുമെന്നാണ് വിവരം.

Advertisment