കൊച്ചി: സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ. സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മാറിനിൽക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പവർ ഗ്രൂപ്പ് എന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴിയായോ നിഗമനമായോ അതോ ആലങ്കാരിക പ്രയോഗമാണോ എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. സിനിമയിൽ എക്കാലത്തും വളരെ ശക്തമായ സഖ്യങ്ങളുണ്ടായിട്ടുണ്ട്. തുടർച്ചയായി വലിയ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുണ്ട്. അവർക്ക് വേണ്ടിമാത്രം സിനിമ ചെയ്യുന്ന സംവിധായകരും എഴുത്തുകാരും നടീനടന്മാരുമുണ്ട്. ആ സംവിധാനത്തിലുള്ളിലായിരിക്കും വലിയ ചിത്രങ്ങൾ നടക്കുക.
സ്വാഭാവികമായും എല്ലാവർക്കും അവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമമുണ്ടാവും. കാരണം അവർക്ക് അവസരങ്ങൾ ലഭിക്കണമല്ലോ. മുതൽമുടക്ക് വിപണിയുമായി ബന്ധപ്പെട്ട ശക്തമായ സഖ്യങ്ങൾ എല്ലാ ഭാഷകളിലുമുണ്ട്. ആ യാഥാർത്ഥ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല.
സംഘടനാപരമായി തഴക്കമോ വഴക്കമോ ഉള്ളയാളല്ല മോഹൻലാൽ. നിരവധി ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ സുക്ഷ്മാംശങ്ങളിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഉത്തരവാദിത്തപ്പെട്ടൊരു സംഘടനയുടെ ഭാരവാഹിയെന്ന് നിലയിൽ അദ്ദേഹത്തിന് ആ ധർമം പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ രാജിയിലെക്കെത്തുന്നത്. ആ സത്യസന്ധതയെ ഞാൻ ബഹുമാനിക്കുന്നു.
മോഹൻലാലിനെപ്പോലെയുള്ളൊരു പ്രസിഡന്റ് രാജിസന്നദ്ധത പ്രകടിപ്പിക്കുമ്പോൾ അദ്ദേഹത്തെ തനിച്ച് രാജിവയ്ക്കാൻ അനുവദിക്കേണ്ടതില്ല എന്ന തോന്നലിലാവാം മറ്റുള്ളവരും രാജിവച്ചത്. രാജിവയ്ക്കണോയെന്ന് സംശയിച്ചവരും അക്കൂട്ടത്തിലുണ്ടാവാം. ഫെഫ്ക ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് അമ്മ സംഘടനയെക്കുറിച്ച് കൂടുതൽ പറയുന്നത് ശരിയല്ല',- ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യത്തിന്റെ നേരേ കണ്ണടച്ചുകാണിക്കുന്നത് പോലെയാണ്. മലയാള സിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഈ വലിയ ചരിത്രത്തിനകത്ത് എത്രയോ സന്ദർഭങ്ങളിൽ നമ്മൾ കണ്ടും കേട്ടും അറിഞ്ഞ കാര്യമാണ് കാസ്റ്റിംഗ് കൗച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലയിലും ഉണ്ടല്ലോയെന്ന് പറയും. അതിനെ അങ്ങനെ സാമാന്യവത്ക്കരിച്ച് കൊണ്ട് രക്ഷപ്പെടേണ്ട കാര്യമില്ല. എല്ലാ സിനിമമേഖലയിലും ഉള്ളത് മലയാളത്തിൽ വേണ്ടയെന്ന നിലപാടെടുക്കണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.