കോട്ടയം: പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലായുള്ള സമഗ്രമായ ആരോഗ്യ സംരക്ഷണ ശൃംഖല, മികച്ച രോഗപ്രതിരോധ നടപടികള്‍, ആരോഗ്യ പരിപാലന വിദഗ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലും കേരളം കൈവരിച്ച നേട്ടം കോവിഡ് കാലത്തു പോലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകായിരുന്നു.
പക്ഷേ, ഇന്നു കേരളത്തില്‍ നിന്നു ഉയര്‍ന്നു കേള്‍ക്കുന്നതു കൂട്ട ആത്മഹത്യയുടെ വാര്‍ത്തകളാണ്. ഓരോ ദിവസവും ഒരു കുടുംബത്തിലെ അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി എന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കാം. മാനസികാരോഗ്യത്തില്‍ കേരളം ഏറെ പിന്നിലേക്കു പോകുന്നു എന്നതിനു തെളിവാണ് ആത്മഹത്യാനിരക്കിലെ വര്‍ധനവ്.
മാനസികാരോഗ്യ സംരക്ഷണത്തിനു പദ്ധതികള്‍ സംസ്ഥാനുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നുള്ളതാണ് ആത്മഹത്യാ നിരക്കിൽ ഉണ്ടായ വർധന ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ സ്‌റ്റേറ്റ് ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹത്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2013ല്‍ കേരളത്തില്‍ 8646 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2023ല്‍ അത് 10972 ആയി ഉയര്‍ന്നു. അതായത് 27 ശതമാനം വര്‍ധന. ഇതില്‍ കൂട്ട ആത്മഹ്യാ നിരക്കും ആശങ്ക ജനിപ്പിക്കും വിധമാണ് ഉയരുന്നത്.
2023ല്‍ കേരളത്തില്‍ 17 കുടുംബങ്ങളിലായി 40 പേര്‍ കുടുംബ ആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. കുടുംബ ആത്മഹത്യകള്‍ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശ് , തമിഴ്‌നാട്, രാജ്യസ്ഥാന്‍ എന്നിവയാണ്. 2024 അവസാനിക്കാറായപ്പോഴേയ്ക്കും കൂട്ട ആത്മഹത്യകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചു.
ഒക്‌ടോബറില്‍ മാത്രം അരഡസനോളം കൂട്ട ആത്മഹത്യകളാണു സംസ്ഥാനത്തു നടന്നത്. ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കടനാട് ഭാര്യയും ഭര്‍ത്താവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതും തിരുവനന്തപുരം പാറശാലയില്‍ യൂട്യൂബര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതും കോട്ടയം പാറത്തോട്ടില്‍ അച്ഛനെയും അമ്മയെയും വെട്ടികൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തുമെല്ലാം ഈ മാസം മാത്രം നടന്ന സംഭവങ്ങളാണ്.
കേരളത്തില്‍ കൂട്ട ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും ആത്മഹത്യാ നിരക്കില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നത്. ദേശീയ ശരാശരിയെക്കാള്‍ നാലിരട്ടി വരും ഇത്.
കുടുംബഘടനയിലുണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപിന്തുണാ സംവിധാനങ്ങളുടെ അഭാവം, വിദ്യാഭ്യാസരീതിയും നിലവാരവും കുടിയേറ്റം, ഉപഭോഗസംസ്‌കാരം, തൊഴിലില്ലായ്മ, മദ്യാസക്തി എന്നിങ്ങനെ ആത്മഹത്യയ്ക്കു പ്രേരകമാകുന്ന ഘടകങ്ങള്‍ വിശാലമാണ്.
സംസ്ഥാനത്തെ 85 ശതമാനത്തിലധികം കുടുംബങ്ങളും അണുകുടുംബങ്ങളാണ്. സമ്മര്‍ദങ്ങളും പ്രയാസങ്ങളും മറ്റുള്ളവരോടു തുറന്നുപറയാനും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞതോടെ കുടുംബങ്ങളിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു.
സാമ്പത്തിക ബാധ്യത, തൊഴിലില്ലായ്മ, രോഗങ്ങള്‍, തുടങ്ങി മന്ത്രവാദവും ആഭിചാരവും വരെ കൂട്ട ആത്മഹത്യയിലേക്കു നയിക്കുന്നു. കൂടുതല്‍ കൂട്ട ആത്മഹത്യകളും സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആത്മഹത്യാനിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ ഈ വര്‍ധന കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ആരോഗ്യ മേഖലകളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)