Advertisment

കോടിയേരിയോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാൻ പാർട്ടിക്കും സഖാക്കൾക്കും സാധിക്കണം- മുഖ്യമന്ത്രി

New Update
DXGLFiSFTvKohj6P11FHGI46Bgjvd4btarVKf1pZ

കണ്ണൂര്‍: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ പാര്‍ട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

Advertisment

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വര്‍ഷം തികയുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് കടന്നുവന്ന യുവാവായ സഖാവ് കോടിയേരി പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള നേതാവായി വളര്‍ന്നു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളില്‍ പാര്‍ട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.

തൊഴിലാളി - കര്‍ഷക പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗബഹുജന സംഘടനകള്‍ നേടിയ വളര്‍ച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളില്‍ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാര്‍ട്ടിയ്ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. രോഗപീഢയുടെ ഘട്ടത്തിലും പാര്‍ട്ടിയോടുള്ള സ്‌നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകള്‍.

കേരളത്തിലേയും, രാജ്യത്തെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവിശ്വാസികള്‍ക്കാകെയും എക്കാലവും പ്രചോദനമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സഖാവിന്റെ രാഷ്ട്രീയജീവിതത്തില്‍ നിന്നും ഊര്‍ജ്ജവും പ്രചോദനവും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍, അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ആ വിധം പ്രകടിപ്പിക്കാന്‍ പാര്‍ടിയ്ക്കും സഖാക്കള്‍ക്കും സാധിക്കണം. ലാല്‍ സലാം.

 

Advertisment