Advertisment

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. 1.63ലക്ഷം നിക്ഷേപകരിൽ നിന്ന് 1630 കോടി തട്ടിയ തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകാരെ അഴിയെണ്ണിക്കാൻ മുന്നിട്ടിറങ്ങിയത് അനിൽ അക്കര. ലൈഫ് മിഷൻ കേസിലെപ്പോലെ രേഖകളുമായി അനിൽ ഇറങ്ങിയതോടെ കേന്ദ്രഏജൻസികളായ ഇ.ഡിയും സി.ബി.ഐയും പറന്നെത്തി.  55 അക്കൗണ്ടിലെ 212 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡി.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
anil, kd

തൃശൂർ: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിംഗിന്റെയും ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിന്റെയും പേരിൽ 1.63ലക്ഷം നിക്ഷേപകരിൽ നിന്ന് 1630 കോടി തട്ടിയ തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകേസിൽ കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ഡി. പ്രതാപനിൽ നിന്ന് വമ്പൻ തട്ടിപ്പിന്റെ ചുരുളഴിക്കാനൊരുങ്ങുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതാപനെ ഈമാസം 19 വരെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ കിട്ടാൻ ഇ.ഡി അടുത്തയാഴ്ച അപേക്ഷ സമർപ്പിക്കും. മൾട്ടിലെവൽ മാർക്കറ്റിംഗിന് പങ്കാളികളാക്കിയും വൻപലിശ വാഗ്ദാനം ചെയ്ത് ക്രിപ്‌റ്റോ കറൻസി നിക്ഷേപം സ്വീകരിച്ചും 1,157 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പിലൂടെ നേടിയ തുക ഹവാല ഉൾപ്പെടെ മാർഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കള്ളപ്പണമായി കടത്തിയെന്നുമാണ് ഇ.ഡി കണ്ടെത്തിയത്.

Advertisment

തൃശൂർ കേന്ദ്രീകരിച്ച് നടന്ന വമ്പൻ തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വഴിയൊരുങ്ങിയത് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ ഇടപെടലുകൾ കാരണമാണ്.

 കൃത്യമായ രേഖകൾ സഹിതം അനിൽ കേന്ദ്രത്തിന് നിരവധി പരാതികൾ നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ വിവരങ്ങൾ അപ്പപ്പോൾ ഹൈറിച്ച് ഉടമകൾക്ക് ചോർന്നു കിട്ടിക്കൊണ്ടിരുന്നു. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ അതീവ രഹസ്യമായി കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. ഇ.ഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു കേസ് സി.ബി.ഐയ്ക്ക് വിട്ട് വിജ്ഞാപനമിറക്കിയത്.

 ക്രൈംബ്രാഞ്ചിന്റെ ഇക്കണമോമിക് ഒഫൻസ് വിംഗിലെ ഡിവൈ.എസ്.പിയെ അടിയന്തരമായി ഡൽഹിയിലേക്ക് അയച്ച് കേസ് രേഖകൾ സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. ഇ.ഡി റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികൾക്ക് ചോർന്നു കിട്ടിയിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ ഒളിവിൽ പോയത്. പ്രതികളെ പൂട്ടാനുള്ള പഴുതടച്ച നീക്കത്തിന് പിന്നിൽ അനിൽ അക്കരയുടെ തുടർച്ചയായ നീക്കങ്ങളുണ്ടായിരുന്നു.

ഹൈറിച്ച് ഗ്രൂപ്പ് ഉടമകളായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 55 ബാങ്ക് അക്കൗണ്ടിലെ 212 കോടി രൂപയുടെ നിക്ഷേപം ഇ.ഡി അടുത്തിടെ മരവിപ്പിച്ചിരുന്നു.

ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനിരിക്കുകയാണ് ഇ.ഡി. മൾട്ടിലെവൽ മാർക്കറ്റിംഗ്, ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങിയവയിലേക്ക് നിയമവിരുദ്ധ വാഗ്ദാനങ്ങൾ നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപകരുടെ പണം തിരിമറി ചെയ്ത് പ്രതികൾ ആഡംബരജീവിതം നയിച്ചു. 

കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തേ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എച്ച്. ആ‍ർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നാണ് ഇ.ഡി കണ്ടെത്തിയത്. തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈറിച്ചിനെതിരായ ഇ.ഡി അന്വേഷണം.

ഹൈറിച്ച് ഉടമകൾ 3141.34കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. അന്യസംസ്ഥാനത്തും തട്ടിപ്പ് നടന്നു. വിദേശരാജ്യങ്ങളിലുള്ളവരെ തട്ടിപ്പിനിരയാക്കിയോ എന്നും അന്വേഷിക്കുന്നു. പലചരക്കുകൾ ഉൾപ്പെടെ വില്പന നടത്താൻ മൾട്ടിലെവൽ മാർക്കറ്റിംഗിൽ പങ്കാളികളാക്കാൻ വാഗ്ദാനം ചെയ്താണ് കോടികളുടെ നിക്ഷേപം സമാഹരിച്ച് തട്ടിപ്പ് നടത്തിയത്. ഹെെറിച്ച് ഷെയർടെക് എന്ന ഉപസ്ഥാപനത്തിന്റെ പേരിൽ ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം സ്വീകരിച്ചും തട്ടിപ്പ് നടത്തി. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണ് ഹെെറിച്ച് നടത്തിയതെന്ന് ഇ.ഡി വ്യക്തമാക്കി.

അടുത്തിടെ കേരളത്തിൽ നടന്ന ഏറ്റവും ഭീമമായ നിക്ഷേപത്തട്ടിപ്പാണ് ഹൈറിച്ച് ദമ്പതികൾ നടത്തിയത്. ഹൈറിച്ച് കമ്പനിയിൽ 700 രൂപയുടെ കൂപ്പണെടുത്ത് അംഗമായാൽ മതി, നിങ്ങൾക്ക് പണക്കാരനാകാൻ എന്നായിരുന്നു കമ്പനി ഉടമകളായ കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും വാഗ്ദാനം. 2019-ൽ ആണ് ഇവർ ചേർപ്പ് ഞരുവശ്ശേരി ആസ്ഥാനമായി കമ്പനി ആരംഭിച്ചത്. മണിചെയിൻ ഇടപാടിലേക്കാണ് ഇവർ നിക്ഷേപകരെ ചേർത്തത്. 700 രൂപയുടെ കൂപ്പണുകൾ ഉപയോഗിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് 100 രൂപ ഉടൻ മടക്കിനൽകുമെന്നും ഇവർ വിശ്വസിപ്പിച്ചു.

 ഇതേ അംഗം 10,000 രൂപയുടെ നിക്ഷേപകനെ ചേർത്താൽ 1000 രൂപ ഇൻസെന്റീവായി ലഭിക്കും. 10,000 രൂപ നിക്ഷേപിക്കുന്നവർക്ക് മാസം 400 രൂപയാണ് പലിശയായി നൽകിയത്. അതായത് 48 ശതമാനം വരെയുള്ള വാർഷിക പലിശ! ഈ മോഹനവാഗ്ദാനത്തിൽ വീണ് ആയിരക്കണക്കിനു പേർ ലക്ഷങ്ങൾ നിക്ഷേപിച്ചു. തുടക്കത്തിൽ എല്ലാവർക്കും കൃത്യമായി പലിശ നൽകിയിരുന്നു.

ഇതിനിടെ കോടികൾ ഇവർ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്കും മറ്റും മാറ്റുകയും ചെയ്തു. 125 കോടിയുടെ ജി.എസ്.ടി വെട്ടിച്ചതായി കണ്ടെത്തി, ജി.എസ്.ടി വകുപ്പ് കേസെടുത്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. എത്ര രൂപ തട്ടിച്ചു എന്നത് കൃത്യമായി പുറത്തുവന്നിട്ടില്ല.

നിയമസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയത് 3,141.34 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ പ്രാഥമികമായി കണ്ടെത്തിയെന്നാണ്. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങി. 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. പിരിച്ചെടുത്ത തുകയിൽ നിന്ന് 1630 കോടി രൂപ നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകൾ വഴി പലരിലേക്കും പോയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും തുക വീണ്ടെടുക്കാനായിട്ടില്ല. പ്രതാപന്റെയും ശ്രീനയുടെയും പേരിൽ സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ.  ഈ തുക കണ്ടെത്തുന്നതിനാണ് ഇ.ഡി ശ്രമിക്കുന്നത്.

Advertisment