Advertisment

സ്‌കൂൾ അടൽ ടിങ്കറിംഗ് ലാബുകളിൽ കാർഷിക ആശയങ്ങൾക്ക് വിത്തുപാകി എറണാകുളം കെ.വി.കെ.

New Update
3

നീതി അയോഗിന് കീഴിൽ അടൽ ഇന്നൊവേഷൻ മിഷൻ്റെ  ഭാഗമായി എറണാകുളം ജില്ലയിലെ 7 സ്കൂളുകളിൽ തുടങ്ങിയ  അടൽ ടിങ്കറിംഗ് ലാബുകളിൽ ഇനി കാർഷിക ആശയങ്ങളും നാമ്പെടുക്കും. 

Advertisment

രാജ്യത്തെ 11 ജില്ലകളിലെ  അടൽ ടിങ്കറിംഗ് ലാബുകളിൽ കാർഷിക മേഖലയിലെ നവീന ആശയങ്ങൾ വളർത്തിയെടുക്കുവാൻ വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാൻ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളെ  തിരഞ്ഞെടുത്ത കൂട്ടത്തിൽ കേരളം ഉൾക്കൊള്ളുന്ന ബെംഗളൂരു മേഖലയിൽ നിന്ന് സി എം എഫ് ആർ യുടെ എറണാകുളം കെ വി കെ യാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 

സ്കൂൾ വിദ്യാർത്ഥികളിൽ ജിജ്ഞാസ, സർഗാത്മകത, ഭാവന എന്നിവ വളർത്തിയെടുത്ത് രാജ്യത്തെ ഒരു ദശലക്ഷം കുട്ടികളിൽ പുത്തൻ കണ്ടുപിടുത്തങ്ങൾ നടത്തുവാനുള്ള ത്വര സൃഷ്ടിക്കുക എന്നതാണ് അടൽ ടിങ്കറിംഗ് ലാബുകളുടെ ഉദ്ദേശ ലക്‌ഷ്യം. ജില്ലയിൽ തൃപ്പൂണിത്തുറ ചോയ്സ്, കടയിരിപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്കൂൾ, കേന്ദ്രീയ വിദ്യാലയ എൻ. എ. ഡി. ആലുവ,  ഗിരിനഗർ ഭവൻസ്, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പുത്തൻപള്ളി, തേവക്കൽ വിദ്യോദയ സ്കൂൾ, സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂൾ കലൂർ, എന്നിവയാണ്  അടൽ ടിങ്കറിംഗ് ലാബുകൾ അനുവദിച്ചിരിക്കുന്ന സ്കൂളുകൾ. 

ഈ സ്കൂളുകളിലെ അടൽ ടിങ്കറിംഗ് ലാബുകളിൽ പുത്തൻ ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന വിദ്യാർത്ഥികൾക്കായി സി എം എഫ് ആർ ഐ യിൽ  21 ന് പ്രാരംഭ അവബോധന പരിപാടി നടത്തുകയുണ്ടായി. നൂറിൽ പരം കുട്ടികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ സി എം എഫ് ഐ ഡയറക്ടർ ഡോ . എ. ഗോപാലകൃഷ്ണൻ കുട്ടികളുമായി സംവദിക്കുകയും കെ വി കെ സാങ്കേതിക വിദഗ്ദ്ധർ കൃഷി, മൃഗ സംരക്ഷണ, ഫിഷറീസ് മേഖലകളിലെ പുത്തൻ ആശയങ്ങളുടെ സാധ്യതകൾ  വിശദീകരിക്കുകയും ചെയ്തു. 

പുത്തൻ തലമുറയെ കൃഷിയിലേക്കും കാർഷിക മേഘലകളിലെ നൂതന ആശയങ്ങളിലേക്കും ആകർഷിക്കുക വഴി കാർഷിക സംസ്കാരം വരും തലമുറികളിലേക്ക് കൂടി പകരാനുള്ള ചവിട്ടു പടിയായാണ് ഈ ഉദ്യമത്തെ കാണുന്നതെന്ന് കെ.വി.കെ. മേധാവി ഡോ ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. കാർഷിക മേഖലയിൽ നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലേക്കായി വിദ്യാർത്ഥികളും കെവികെ വിദഗ്ധരും തമ്മിലുള്ള പരസ്പരസംവാദങ്ങളും, ശില്പശാലകളും മെന്റർഷിപ്പ് പ്രോഗ്രാമുകളും മറ്റും ഇതിന് തുടർച്ചയായി നടത്തുന്നതാണ് 

Advertisment