തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ടു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമാണ് ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ടത്.
നാല് മാസം മുന്‍പ് ക്രമസമാധാനച്ചുമതല വഹിക്കുന്ന സമയത്താണ് എം ആര്‍ അജിത് കുമാര്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് അജിത് കുമാര്‍ പ്രത്യേക ഇന്റലിജന്‍സ് സംവിധാനത്തിന് തുടക്കമിട്ടത്.
സമാന്തര ഇന്റലിജന്‍സ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന 40 ഉദ്യോഗസ്ഥരോടും മാതൃയൂണിറ്റിലേക്ക് മടങ്ങാന്‍ എഡിജിപി മനോജ് എബ്രഹാം നിര്‍ദേശിച്ചു. സമാന്തര ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഭാഗമായി 20 പൊലീസ് ജില്ലകളിലായി 40 പേരെയാണ് അജിത് കുമാര്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചത്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍നിന്നു വിവരങ്ങള്‍ എഡിജിപിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന തരത്തിലായിരുന്നു സംവിധാനം.