Advertisment

വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണം ഉറപ്പാക്കി 'വി മിഷന്‍' ; പദ്ധതിയില്‍ ഇതുവരെ അനുവദിച്ചത് 748.43 ലക്ഷം രൂപ

New Update
33

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി വ്യവസായ വാണിജ്യ വകുപ്പിന്‍റെ 'വി മിഷന്‍' പദ്ധതി. ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യവല്‍ക്കരണം എന്നിവയ്ക്കാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്ഐഡിസി) വഴി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.

Advertisment

പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്ഐഡിസി പരിഷ്കരിച്ചിരുന്നു. അതിനുശേഷം വനിതാ സംരംഭകരില്‍ നിന്നും എംഎസ്എംഇകളില്‍ നിന്നും മികച്ച പ്രതികരണമാണുള്ളത്. 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.

ഈ വര്‍ഷം നടന്ന വനിതാ സംരംഭകത്വ ഉച്ചകോടിയില്‍ വനിതാ സംരംഭങ്ങള്‍ക്കുള്ള വായ്പാ തുക വര്‍ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 'വി മിഷന്‍' പദ്ധതിയുടെ വായ്പാ തുക 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തി. 7.5 ശതമാനം പലിശയാണ് ഇതിന് ഈടാക്കുക. നിരവധി വനിതാ സംരംഭകര്‍ക്ക് ഇതിനകം പദ്ധതിയുടെ ഗുണം ലഭിച്ചു. 5-6 വര്‍ഷം തിരിച്ചടവുള്ള ഈ വായ്പയുടെ മൊറട്ടോറിയം 6 മാസമാണ്.

2017-18 ല്‍ ആരംഭിച്ച വി മിഷന്‍ പദ്ധതിയില്‍ 748.43 ലക്ഷം രൂപയാണ് കെഎസ്ഐഡിസി നാളിതുവരെ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 148.66 ലക്ഷം രൂപയാണ് അനുവദിച്ചത്.

സ്ത്രീകളിലെ സംരംഭകത്വശീലം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 'വി മിഷന്‍' സംരംഭം പരിഷ്കരിച്ചതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു.

Advertisment