/sathyam/media/media_files/srukebHSTuGlRzujI1ti.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് ഇനി ഒരുമാസം മാത്രം. മുന്നണികളുടെ സ്ഥാനാർത്ഥികളാരാണെന്ന് വ്യക്തമായതോടെ ഇനിയുള്ള ദിവസങ്ങൾ വമ്പൻ പ്രചരണത്തിനാകും സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലം സാക്ഷിയാവുക.പൗരത്വനിയമ ഭേദഗതി വിജ്ഞാപനവും വെറ്ററിനറി കോളജിലെ എസ്.എഫ്.ഐ അതിക്രമവും എല്ലാമാണ് ആദ്യഘട്ടത്തിൽ പ്രചരണ വിഷയമായതെങ്കിൽ ഇനിയെന്തൊക്കെയാണ് മുന്നണികളുടെ വാർ റൂമിൽ ഒരുങ്ങുന്നത് എന്ന് കണ്ടുതന്നെ അറിയണം.
2019ലെ പ്രകടനം ആവർത്തിക്കാൻ യു.ഡി.എഫും നിലമെച്ചപ്പെടുത്താൻ എൽ.ഡി.എഫും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കൽ അഭിമാന പ്രശ്നമായി കാണുന്ന ബി.ജെ.പിയും പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇനി വരുന്ന ഒരുമാസം തീപാറുന്ന പ്രചരണമായിരിക്കുമെന്ന് ഉറപ്പിക്കാം.
തിരഞ്ഞെടുപ്പ് വിജ്‍ഞാപനത്തിന് മുൻപേ സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും പ്രചാരണത്തിലേക്ക് കാലൂന്നിയത്.മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും ഒന്നും കീറമുട്ടിയായില്ല.സാധാരണ പ്രശ്നങ്ങൾ പൊട്ടിപുറപ്പെടുന്ന യു.ഡി.എഫ് ക്യാംപിൽ പോലും കാര്യങ്ങൾ സമാധാനപരമായിരുന്നു.ലീഗിൻെറ മൂന്നാം സീറ്റ് ആവശ്യത്തിൽ പൊട്ടിത്തെറി പ്രതീക്ഷിച്ചു എങ്കിലും അതും സമാധാനപരമായി അവസാനിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വത്തിനായി.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകി വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് തയാറായപ്പോൾ പൊട്ടിത്തെറി പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ നിരാശരായി.സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണരംഗത്തേക്ക് ഇറങ്ങിയ മുന്നണികൾ ആദ്യം തന്നെ കൊമ്പുകോർത്തത് പൗരത്വ നിയമഭേദഗതി സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിലാണ്.പൗരത്വവിഷയത്തിൽ ബി.ജെ.പി ഒരു ഭാഗത്തും ഇടത് വലത് മുന്നണികൾ മറുഭാഗത്തുമായിരുന്നു. വിഷയത്തിൽ ഒരേ നിലപാടാണെങ്കിലും ആരാണ് ന്യൂനപക്ഷ സംരക്ഷണത്തിൻെറ ചാമ്പ്യൻമാർ എന്ന മത്സരം ഇരുമുന്നണികൾക്കുമിടയിൽ ഉണ്ടായിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിലെ കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചിട്ടില്ല എന്ന പ്രശ്നം ഉയർത്തി ഇടത് മുന്നണിയെ പ്രതിരോധത്തിലേക്ക് തളളിവിടാൻ യു.ഡി.എഫും പൗരത്വ വിഷയത്തിലെ ഭേദഗതി പാർലമെന്റിൽ ചർച്ചക്ക് വന്നപ്പോൾ കേരളത്തിൽ നിന്നുളള യു.ഡി.എഫ് എം.പിമാർ അതിനെ എതിർത്തില്ലെന്ന് ആരോപിച്ച് വലത് മുന്നണിയെ പ്രതിരോധിക്കാൻ എൽ.ഡി.എഫും ശ്രമിച്ചു.
കേസുകളുടെ കണക്കും നടപടിക്രമങ്ങളും വിശദീകരിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി പൗരത്വ വിഷയത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന റാലിക്കും നേതൃത്വം നൽകി.എന്നാൽ മുസ്ളിം വോട്ട് തട്ടാനുളള അടവാണ് ഐക്യദാർഢ്യ റാലിയെന്ന് മുസ്ളിം ലീഗ് നേതാക്കൾ തന്നെ പറഞ്‍ഞതോടെ സി.പി.എമ്മിൻെറ നീക്കം പഴയത് പോലെ ഏശിയില്ല. പൗരത്വ ഭേദഗതി നിയമവും സിദ്ധാർത്ഥന്റെ മരണവും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നടക്കുന്ന ഒഴുക്കും പെൻഷൻ കുടിശികയും മാവേലിസ്റ്റോറുകളിലെ അവശ്യസാധനങ്ങളുടെ ദൗർലഭ്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര - സംസ്ഥാന തർക്കവുമെല്ലാം അലയടിച്ച പ്രചരണത്തിൻെറ ആദ്യഘട്ടം കടക്കുമ്പോൾ കൂടുതൽ തീവ്ര വിഷയങ്ങൾ പൊതുമണ്ഡലത്തിൽ എത്താനാണ് സധ്യത.
പ്രചരണത്തിൻെറ ആദ്യഘട്ടത്തിൽ എന്ന പോലെ വോട്ടുബാങ്കിൽ നിർണായകമായ ന്യൂനപക്ഷ വിഭാഗത്തെ ആകർഷിക്കാനുളള തന്ത്രങ്ങൾ തന്നെയാകും ഇനിയുളള ഘട്ടങ്ങളിലും എടുത്ത് ഉപയോഗിക്കാൻ പോകുന്നത്. രാഷ്ട്രീയ അടിയൊഴുക്കുകളിലുളള ആശങ്കയാണ് പ്രബല വോട്ടുബാങ്കുകളെ ചുറ്റിപ്പറ്റിയുളള വിഷയങ്ങൾ പ്രചരണരംഗത്ത് ഉപയോഗിക്കാനുളള കാരണം. മുസ്ളിം വോട്ടുകൾ എവിടേക്ക് പോകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഫലം നിർണയിക്കപ്പെടുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ ഉറപ്പിച്ച് നിർത്താനാണ് എൽ.ഡി.എഫിൻെറ ശ്രമം.എന്നാൽ ദേശിയ രാഷ്ട്രീയത്തിൽ ഇടത് മുന്നണിയേക്കാൾ ശക്തമായി ഇടപെടൽ ശേഷിയുളള മുന്നണി തങ്ങളായത് കൊണ്ട് മുസ്ളീം ന്യുനപക്ഷങ്ങൾ കൈവെടിയില്ല എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ഈരാറ്റുപേട്ട വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ മുസ്ളിം സമുദായത്തിൽ സംഘടനാ ഭേദമന്യേ രൂപപ്പെട്ട പ്രതിഷേധം അടക്കമുളള കാര്യങ്ങൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്രൈസ്തവ സഭകളുടെ നിലപാടും ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ്. കേരളാ കോൺഗ്രസ് എമ്മിൻെറ വരവോടെ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകളിലേക്ക് കടന്നുകയറാൻ ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ എക്കാലവും മുന്നണിക്കൊപ്പം നിന്ന ക്രൈസ്തവ വോട്ടുകൾ തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന് മുന്നിലുളള വെല്ലുവിളി.ചർച്ച് ബിൽ വിഷയത്തിൽ പ്രബല സഭയായ ഓർത്തഡോക്സ് വിഭാഗത്തിനുളള എതിർപ്പ് തങ്ങൾക്ക് ഗുണകരമായി ഭവിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.അണിയറയിൽ ഇരുന്ന് തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന രാഷ്ട്രീയ നേതാക്കൾക്ക് വെല്ലുവിളിയുയർത്തുന്ന മറ്റ് വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉയർന്നുവരും. വനാതിർത്തി ജില്ലകളിലെ വന്യജീവി സംഘർഷം അത്തരം പ്രശ്നങ്ങളിൽ ഒന്നാണ്.
പ്രമുഖ വ്യക്തികളെയും വോട്ടുബാങ്കുകളെയും ചുറ്റിപ്പറ്റിയുളള പ്രചരണം വോട്ടെടുപ്പിന് മുപ്പത് ദിവസം ബാക്കിനിൽക്കേ മണ്ഡല പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്.പ്രചരണത്തിൻെറ ആദ്യഘട്ടം പൂർത്തിയാക്കുന്ന യു.ഡി.എഫും ബി.ജെ.പിയും റോഡ് ഷോകൾ പൂർത്തിയാക്കുന്നതേയുളളു.പ്രചരണത്തിൻെറ ഗിയർ മാറുന്നതോടെ നാടും നഗരവും ഇളക്കിയുളള യോഗങ്ങളും റാലികളും സംഘടിപ്പിക്കും.ഒപ്പം അടിത്തട്ടിൽ വോട്ടുറപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും മുന്നണികൾ പയറ്റും.ദേശിയ നേതാക്കൾ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ പ്രചരണം അതിൻെറ ഉച്ചസ്ഥായിയിലേക്ക് എത്തും .