/sathyam/media/media_files/TgR44vyEzDCYOv0FzTXd.jpg)
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിക്ക് ഇന്ന് തുടക്കം. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സംസ്ഥാനതല ജാഥ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 14 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ജനകീയ പ്രക്ഷോഭ യാത്ര നയിക്കും. വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും മറ്റ് ദേശീയ സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമാകും.
14 ജില്ലകളിലായി ജനകീയ ചര്‍ച്ചാ സദസ്സുകളും 32 പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കും. കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തിലും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഇതിന്റെ ഭാഗമായി റാലികള്‍ സംഘടിപ്പിക്കും. 15 ലക്ഷത്തോളം പേര്‍ സമരാഗ്നിയില്‍ പങ്കുചേരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമരാഗ്നി സമാപിക്കും.