മലപ്പുറം: സമസ്ത മുശാവറയില്‍ വിഭാഗീയത രൂക്ഷം. സംഘടനയുടെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് എതിർ വിഭാഗം. /sathyam/media/media_files/2024/12/11/7Gq1pvpW27JMp58I6o02.jpg)
എന്നാൽ ജിഫ്രി തങ്ങളെ പരോക്ഷമായി പല വേദിയിലും അപമാനിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാക്കാൻ ഉറച്ച് ഉമ്മർ ഫൈസി മുക്കത്തെ അനുകൂലിക്കുന്ന വിഭാഗവും രംഗത്തെത്തി.
ജിഫ്രി തങ്ങളെ പ്രകോപിച്ച സംഭവത്തിൽ ഉമർ ഫൈസിക്കെതിരെ കുടുതല്‍ നേതാക്കള്‍ രംഗത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന.
മുശാവറയയെയും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ധിക്കരിക്കുന്ന രീതിയിലാണ് ഉമർ ഫൈസിയുടെ പെരുമാറ്റമെന്നാണ് സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കളും കരുതുന്നത്.
അദ്ദേഹത്തെ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ലീഗ് അനുകൂലികള്‍ നേരത്തെ ഉന്നയിക്കുന്നുണ്ട്. ഇന്നലത്തെ സംഭവത്തോടെ സംഘടനയിലെ നിക്ഷ്പക്ഷരായ നേതാക്കള്‍കൂടി ഈ ആവശ്യത്തിലെത്തിയെന്നാണ് സൂചന.
ഇതുവരെ ഉമർ ഫൈസിയെ സംരക്ഷിച്ച് പിന്തുണച്ചിരുന്ന ജിഫ്രി തങ്ങള്‍ തന്നെ ഉമർ ഫൈസിക്കെതിരെ ക്ഷോഭിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതും ലീഗ് വിഭാഗത്തിന് കാര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ട്.
എന്നാൽ കാര്യങ്ങൾ ഏകപക്ഷീയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിരോധം ശക്തമാക്കാനാണ് ഉമ്മർ ഫൈസി മുക്കത്തിന്റെ നിലപാട്.
സംഘടനയിലെ വിഭാഗീയത പിളർപ്പിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് മുസ്ലിം ലീഗ്. ഇതിനിടെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് രാഷ്ട്രീയ പിന്തുണ നൽകാൻ സിപിഎമ്മും നീക്കം തുടങ്ങി.