Advertisment

ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ ആവശ്യം. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ജയരാജൻ കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുന്നണിയും സർക്കാരും ഒറ്റവ്യക്തിയിലേക്ക് കേന്ദ്രീകരിച്ചതിൻെറ അപകടമാണ് തിരഞ്ഞെടുപ്പ് തോൽവി. നവകേരള സദസ്സ് വൻ പരാജയമായെന്നും തുറന്നടിച്ച് സിപിഐ നേതാക്കൾ

New Update
ep jayarajan-2

തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി.ജയരാജനെ ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐയിൽ ആവശ്യം.ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തുകയും അതിന് വോട്ടെടുപ്പ് ദിവസം സ്ഥിരീകരണം നൽകുകയും ചെയ്ത ഇ.പി.ജയരാജൻ മുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ വിമർശിച്ചു.ഇ.പി.ജയരാജനെ മാറ്റാൻ സി.പി.എം തയാറായില്ലെങ്കിൽ പിന്നെ സി.പി.ഐ പ്രതിനിധികൾ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

Advertisment

സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നുവെന്ന് പറയുമ്പോൾ തന്നെ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുന്നത് മുന്നണിയുടെ വിശ്വാസ്യത തകർക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രകാശ് ജാവദേക്കറെ കണ്ട കാര്യം കാര്യം തെരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്നു പറഞ്ഞത് രാഷ്ട്രീയ പക്വതയില്ലായ്മയാണ്.അത്തരമൊരാൾ  മുന്നണി കൺവീനർ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അംഗങ്ങൾ വിമർശിച്ചു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ലതാദേവി, കെ.കെ.ശിവരാമൻ,കോട്ടയം ജില്ലാ സെക്രട്ടറി വി.ബി.ബിനു തുടങ്ങിയവരാണ് ഇ.പി.ജയരാജനെ മാറ്റിയേ തീരു എന്ന കർശന നിലപാട് സ്വീകരിച്ചത്.

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിൻെറ ഭാര്യയാണ് മുൻ എം.എൽ.എ കൂടിയായ ആർ. ലതാദേവി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർ‍ശനം ഉയർന്നു. സർക്കാരും മുന്നണിയും എല്ലാം ഒരാളിലേക്ക് കേന്ദ്രീകരിച്ചതിൻെറ ദുരന്തമാണ്  ലോകസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്നാണ് യോഗത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് നടന്ന പൊതുവിമർശനം. തിരഞ്ഞെടുപ്പിൻെറ പ്രചരണം പോലും മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ ഇങ്ങനെ പോയാൽ ബംഗാളിലേക്കുളള ദൂരം അകലയല്ലെന്നും വിമർശിച്ചു. 

മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്താതെയുളള തിരഞ്ഞെടുപ്പ് അവലോകന റിപോർട്ട് തയാറാക്കിയ സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി നൽകുന്ന തരത്തിലാണ് സി.പി.ഐ സംസ്ഥാന കൗൺസിലിലെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ.ക്ഷേമാനൂകൂല്യങ്ങൾ നൽകാതിരിക്കുകയും നവകേരള സദസ് പോലെയുളള ധൂർത്തും ആർഭാടവും നടത്തുകയും ചെയ്തതും തിരിച്ചടിയായെന്ന് അംഗങ്ങൾ വിമർശിച്ചു.

ഒന്നാം പിണറായി സർക്കാരിൻെറ കാലത്തും അഴിമതിയും വിവാദങ്ങളും ഉണ്ടായിരുന്നു.എന്നാൽ അക്കാലത്ത് ക്ഷേമപ്രവർത്തനങ്ങൾക്ക് ഭംഗം ഉണ്ടായിരുന്നില്ല.അതാണ് തുടർഭരണം നേടി തിരിച്ചുവരാൻ ഇടയാക്കിയത്.

എന്നാൽ രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത് വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായതിനൊപ്പം എല്ലാ ക്ഷേമ പ്രവർത്തനങ്ങളും വഴിമുട്ടിയ അവസ്ഥയാണെന്നും സംസ്ഥാന കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.നവകേരള സദസ്സ് വൻ പരാജയമാണ് എന്നാതാണ് സംസ്ഥാന കൗൺസിലിൽ ഉയർന്ന മറ്റൊരു വിമർശനം. തിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ജാഥ നടത്തുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ പകരം നവകേരള സദസാണ് നടന്നത്. തിരഞ്ഞെടുപ്പിന്  മുമ്പ് മുന്നണി രാഷ്ട്രീയ ജാഥ നടത്താതിരുന്നത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി.മാവേലിക്കരയിലെ പാർട്ടി സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടെന്നും അംഗങ്ങൾ വിമർശിച്ചു.

പാർട്ടി തീരുമാനം എടുക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥിയുടെ ബഹുവർണ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നു.ഇത് ഏതുതരം രീതി ആണെന്നും അംഗങ്ങൾ ചോദിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാലാണ് ഈ വിമർശനം ഉന്നയിച്ചത്.തൃശൂർ നഗരസഭാ മേയർ എം.കെ. വർഗീസിനെ മാറ്റണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു. സുരേഷ് ഗോപിയെ നിരന്തരം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്ന മേയറെ ഇനിയും പേറാനാവില്ലെന്നാണ് തൃശൂരിൽ നിന്നുളള അംഗങ്ങൾ പറഞ്ഞു. മുന്നണി മര്യാദ പാലിച്ച് മേയറെ മാറ്റാൻ സി.പി.എം സ്വയം തയാറാകണമെന്നും ആവശ്യം ഉയർന്നു. തൃശൂർ നേതാക്കൾ ഉന്നയിച്ച ആവശ്യത്തെ പിന്നീട് മറ്റുളളവരും പിന്തുണച്ചു. മൊത്തം 44 പേരാണ് സി.പി.ഐ സംസ്ഥാന കൗൺസിലിലെ തിരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ പങ്കെടുക്കാൻ പേരെഴുതി നൽകിരിക്കുന്നത്.

ആദ്യ ദിനം 14 ജില്ലാ സെക്രട്ടറിമാർക്ക് പുറമേ 8 നേതാക്കൾ കൂടി ചർച്ചയിൽ പങ്കെടുത്തു.ചർച്ച സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ സെക്രട്ടറിമാർക്ക് 10 മിനിറ്റും മറ്റുളളവർക്ക് 5 മിനിറ്റ് വീതം ചർച്ചയിൽ സമയം അനുവദിക്കാമെന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറി വെച്ചു.

എന്നാൽ സെക്രട്ടറിയുടെ നിർദ്ദേശം കൗൺസിൽ അംഗങ്ങൾ തളളിക്കളഞ്ഞു. പത്രങ്ങളിൽ എഴുതി നൽകി കഴിഞ്ഞ് ഇവിടെ വന്ന് പ്രസംഗിക്കരുതെന്ന സംസ്ഥാന സെക്രട്ടറിയുടെ പരാമർശവും വിമർശിക്കപ്പെട്ടു. കൗൺസിൽ അംഗങ്ങൾ ഇന്നാണ് എന്താണ്  പറയുന്നത്  എന്ന് മനസിലാക്കിയത്. എന്നാൽ നേതൃത്വം ചർച്ച ചെയ്ത  വിഷയങ്ങൾ എല്ലാം ഇതിനകം തന്നെ മാധ്യമങ്ങളിൽ വന്നല്ലോ എന്നായിരുന്നു ഒരംഗം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ മറുപടി. പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്ന വിലയിരുത്തൽ ശക്തിപ്പെടാൻ കാരണം ആ വകുപ്പുകൾക്ക് പണം ലഭിക്കാത്തതാണ്. പാർട്ടി ഭരിക്കുന്ന വകുപ്പുകൾക്ക് പണം നേടിക്കൊടുക്കുന്നതിൽ നേതൃത്വം പരാജയമാണെന്നും അംഗങ്ങൾ വിമർശിച്ചു.

Advertisment