Advertisment

കേരളാ ബാങ്കിനെ ബി-കാറ്റഗറിയിൽ നിന്ന് സിയിലേക്ക് തരംതാഴ്ത്തി നബാർഡ്; ഈ ഗ്രേഡിംഗുള്ള ബാങ്കുകൾക്ക് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം മാത്രം; കാരണം കിട്ടാക്കടം കൂടിയതും ഭരണസമിതിയിൽ പ്രൊഫഷണലുകൾ ഇല്ലാത്തതും ! സഹകരണ മേഖല ഗുരുതര പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം; പേടിക്കേണ്ടെന്നും 209 കോടി റിക്കാർഡ് ലാഭത്തിലാണ് ബാങ്കെന്നും സർക്കാർ

ജില്ലാ ബാങ്കുകൾ ലയിപ്പിച്ചുണ്ടാക്കിയ കേരളാ ബാങ്കിനെ 2022-23 സാമ്പത്തിക വർഷത്തെ നബാർഡ് ഇൻസ്‌പെക്ഷൻ പ്രകാരം ക്ലാസ്സിഫിക്കേഷൻ നിലവിലെ ബി യിൽ നിന്നും സി കാറ്റഗറിയിലേക്ക്  തരംതാഴ്ത്തിയത് വായ്പകളെയടക്കം ബാധിക്കുമെന്ന് ആശങ്ക

New Update
kerala bank 1

തിരുവനന്തപുരം: ജില്ലാ ബാങ്കുകൾ ലയിപ്പിച്ചുണ്ടാക്കിയ കേരളാ ബാങ്കിനെ 2022-23 സാമ്പത്തിക വർഷത്തെ നബാർഡ് ഇൻസ്‌പെക്ഷൻ പ്രകാരം ക്ലാസ്സിഫിക്കേഷൻ നിലവിലെ ബി യിൽ നിന്നും സി കാറ്റഗറിയിലേക്ക്  തരംതാഴ്ത്തിയത് വായ്പകളെയടക്കം ബാധിക്കുമെന്ന് ആശങ്ക. സി ഗ്രേഡ് റേറ്റിംഗ് ഉള്ള ബാങ്കുകൾക്ക്  അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപ മാത്രമാണ്. ആ പരിധിയിലേക്ക് കേരള ബാങ്ക് മാറിയിരിക്കുകയാണ്.

Advertisment

കേരള ബാങ്ക് മെമ്പർ സൊസൈറ്റികളിൽ വർഷാവർഷം ഇൻസ്‌പെക്ഷൻ നടത്തുന്നില്ല, ഏഴ് ശതമാനത്തിൽ  കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് മുകളിലേക്ക് പോയി, ഭരണസമിതിയിൽ പ്രൊഫഷണലുകൾ  ഇല്ല, വിവിധ സർക്കാർ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ കിട്ടാക്കടമായി മാറുന്നു തുടങ്ങിയ നിരീക്ഷണങ്ങളാണ്  നബാർഡ് നടത്തിയിട്ടുള്ളത്.

ഇതോടെ സ‌ഹകരണ മേഖല ഗുരുതര പ്രതിസന്ധിയിലായിട്ടുണ്ട്. ഈ ഗുരുതര സാഹചര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് നിയമസഭയിലും ഉന്നയിച്ചു.

ജില്ലാ ബാങ്കുകൾ ലയിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുൻപ് ഒരു തവണ മാത്രമാണ് വയനാട് ജില്ലാ ബാങ്ക് സി കാറ്റഗറി ആയത്. അല്ലാതെ ഒരു ജില്ലാ ബാങ്കുകളും സി കാറ്റഗറിയിൽ ആയിട്ടില്ല. ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയിരിക്കുന്നത്.

സഹകരണ ബാങ്കുകൾ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തൃശൂരിൽ മാത്രമല്ല പല ബാങ്കുകളും അടുച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. ഈ സമയത്തൊന്നും കേരള ബാങ്കിന് സഹായിക്കാൻ പറ്റുന്നില്ല. തൃശൂർ ജില്ലാ സഹകരണ ബാങ്ക് നിലവിലുണ്ടായിരുന്നെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധി 24 മണിക്കൂറിനകം പരിഹരിച്ച് നിക്ഷേപകർക്ക് വേണ്ടിയുള്ള ഗ്യാരന്റി സ്‌കീം നടപ്പാക്കാമായിരുന്നു. റിസർവ് ബാങ്കിന്റെ കക്ഷത്തിൽ കേരള ബാങ്കിന്റെ തല ഇരിക്കുന്നതിനാൽ ഇത്തരം കാര്യങ്ങളിലൊന്നും കേരള ബാങ്കിന് ഇടപെടാനാകുന്നില്ല.

റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമെ കേരള ബാങ്കിന് ഇത്തരം കാര്യങ്ങളിൽ ഇടപെടാനാകൂ.  സഹകരണ ബാങ്കുകളെയും നിക്ഷേപകരെയും സഹായിക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് പുറമെയാണ് കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്. ഇത് ഗൗരവകരമായി കൈകാര്യം ചെയ്തില്ലെങ്കില് സഹകരണ മേഖല കൂടുതൽ അപകടത്തിലേക്ക് പോകും- സതീശൻ ചൂണ്ടിക്കാട്ടി.

എന്നാൽ കേരളാ ബാങ്ക് ഇക്കൊല്ലം 6000 കോടി രൂപ അധികമായി വായ്പ നൽകുമെന്നും കാർഷിക വായ്പ മൊത്തം വായ്പയുടെ 30ശതമാനമാക്കി വർദ്ധിപ്പിക്കുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

 നിലവിൽ 26.45ശതമാനമാണ് കാർഷിക വായ്പ. ഇക്കൊല്ലം 209 കോടിയെന്ന റിക്കാർഡ് ലാഭത്തിലാണ് ബാങ്ക്. കഴിഞ്ഞ വർഷം 20കോടിയായിരുന്നു ലാഭം. നബാർഡിന്റെ പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കും. കേരളാ ബാങ്ക് വന്നില്ലായിരുന്നെങ്കിൽ പല ജില്ലാ ബാങ്കുകളും ഇപ്പോൾ ഉണ്ടാവുമായിരുന്നില്ല. റിസർവ് ബാങ്ക് വ്യവസ്ഥകൾക്ക് വിധേയമായി പ്രാഥമിക സംഘങ്ങളെ കേരളാ ബാങ്ക് സഹായിക്കുന്നുണ്ട്.

നിഷ്ക്രിയ ആസ്തി 30ശതമാനത്തിൽ നിന്ന് 11.45ശതമാനമാക്കി. 1.16ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്. കേരള ബാങ്കിന്റെ റേറ്റിംഗിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. നബാർഡ് ഗ്രേഡ് സിയായി കുറച്ചത് 25ലക്ഷത്തിലേറെയുള്ള വ്യക്തിഗത വായ്പകളെയേ ബാധിക്കൂ. ഇത് 3% മാത്രമേയുള്ളൂ. കാർഷ- ഭവന വായ്പകളെയോ സഹകരണബാങ്കുകളുടെ ഓവർഡ്രാഫ്‌റ്റിനെയോ ഇത് ബാധിക്കില്ല- മന്ത്രി പറഞ്ഞു.

Advertisment