തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കള്‍ 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൂട് കൂടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കഴിഞ്ഞ 24 മണിക്കൂറില്‍ കണ്ണൂരില്‍ ആണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി സെല്‍ഷ്യസ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്.
അതേസമയം ചൂട് കൂടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പകല്‍ പതിനൊന്ന് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മാണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം വെള്ളം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.