കോട്ടയം: റബർ വില തകർച്ചയ്ക്കെതിരെ കേരളാ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേന്ദ്ര സർക്കാർ നടപ്പാക്കിയ അന്യായമായ ഇറക്കുമതി നടപടികളും തെറ്റായ നയസമീപനങ്ങളുമാണ് വിലതകർച്ചയ്ക്ക് കാരണം.
ഇത്തരം പ്രതിസന്ധി കാലഘട്ടങ്ങളിൽ റബർ കൃഷിക്കാരെ സഹായിക്കുന്നതിന് ബാധ്യസ്ഥരായ റബർ ബോർഡും കർഷകരെ വഞ്ചിച്ചു കൊണ്ട് കള്ളക്കളി നടത്തുകയാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാരും റബർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ എല്ലാ ജില്ലകളിലും കർഷക സമര പരുപാടികൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. കർഷക പ്രക്ഷോഭത്തിനുള്ള സംസ്ഥാന തല ഉദ്ഘാടനം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ നിർവഹിക്കും.