/sathyam/media/media_files/2025/12/17/jose-k-mani-kerala-congress-m-2025-12-17-18-10-57.jpg)
കോട്ടയം: നാല് തെരഞ്ഞെടുപ്പുകള്‍ നടന്ന ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പാലായില്‍ ഭൂരിപക്ഷം തിരിച്ച് പിടിച്ച് കേരള കോണ്‍ഗ്രസ് - എം. ഇപ്പോള്‍ പൂര്‍ത്തിയായ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മണ്ഡലം തല വോട്ട് അവലോകനം പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിനെക്കാള്‍ 2198 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാലാ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷത്തിനുള്ളത്.
കെഎം മാണി സാറിന്‍റെ മരണശേഷം 2019 -ല്‍ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിലാണ് സമീപകാലത്ത് ആദ്യമായി കേരള കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായത്. അന്ന് യുഡിഎഫ് മുന്നണിയില്‍ പാലായില്‍ മല്‍സരിച്ച അഡ്വ. ജോസ് ടോം 2700 വോട്ടുകളുടെ വ്യത്യാസത്തിലാണ് മാണി സി കാപ്പനോട് പരാജയപ്പെട്ടത്.
തൊട്ടുപിന്നാലെ 2021 -ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേയ്ക്ക് മുന്നണി മാറി മല്‍സരിച്ചപ്പോള്‍ ജോസ് കെ മാണിക്ക് പതിനാറായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കാപ്പനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
വീണ്ടും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച തോമസ് ചാഴികാടനും പാലാ നിയോജക മണ്ഡലത്തില്‍ 12000 വോട്ടുകള്‍ക്ക് പിന്നില്‍ പോയി.
പിന്നീട് നടക്കുന്നത് ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലും നഗരസഭയിലും ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുകയായിരുന്നു.
നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവില്‍ ഭരണം നഷ്ടമായി. കരൂര്‍ പഞ്ചായത്തിലും അതു തന്നെ സാഹചര്യം.
ഇതൊക്കെയാണെങ്കിലും ആഞ്ഞുവീശിയ ഇടതു സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിലും കാര്യമായ പോറലേല്‍ക്കാതെ കേരള കോണ്‍ഗ്രസ് - എം പിടിച്ചുനിന്നുവെന്നതിന്‍റെ തെളിവാണ് വോട്ട് നില.
പാലാ നഗരസഭയില്‍ 1175 (8.75 %) ഉം മുത്തോലി പഞ്ചായത്തില്‍ 2354 (21.78%) ഉം മന്നിലവ് പഞ്ചായത്തില്‍ 261 (5.03 %) ഉം തലനാട് 596 (14.10 %) ഉം വോട്ടുകളുടെ ഭൂരിപക്ഷം ഇടതുപക്ഷത്തിനാണ്.
കഴിഞ്ഞ തവണ കോട്ടയം ജില്ലയില്‍ ബിജെപി ഭരിച്ച ഏക പഞ്ചായത്തായ മുത്തോലി ഇടതുപക്ഷം തിരിച്ചുപിടിച്ചപ്പോള്‍ ഇവിടെ കേരള കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ട്.
ഇത്തരത്തില്‍ കേരള കോണ്‍ഗ്രസ് നിന്ന് പിടിച്ചെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളഇലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ക്കുണ്ടായ വീഴ്ചയാണ് മുന്നണിയ്ക്ക് ഭരണം നഷ്ടമാകാന്‍ കാരണം.
അതേസമയം ഇത്രയും ഇടത് വിരുദ്ധ തരംഗത്തിലും 7 വര്‍ഷത്തിനു ശേഷം ഭൂരിപക്ഷം നേടാനായത് നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിനും ജോസ് കെ മാണിക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us