/sathyam/media/media_files/2025/12/18/jose-k-mani-pj-joseph-2025-12-18-19-46-07.jpg)
തിരുവനന്തപുരം: മുന്നണി വിപുലീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാക്കേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് - എമ്മിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും യുഡിഎഫില്‍ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനു പിന്നാലെ മുന്നണി വിപൂലീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് അനാവശ്യ തിടുക്കം കാട്ടിയെന്നും ഇത് അനവസരത്തിലായിപ്പോയെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയില്‍ തിരികെ എത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞു വീശിയ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ ഇപ്പോഴും കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ ശക്തി എഴുതി തള്ളാനാകില്ല. ജില്ലയിലെ ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കടത്തിവെട്ടി ഇപ്പോഴും ഏറ്റവും വലിയ ഒറ്റ കക്ഷി കേരള കോണ്‍ഗ്രസ് - എമ്മാണ്.
ഭരണം നഷ്ടമായിട്ടും പാലാ നഗരസഭയിലും കരൂര്‍ പഞ്ചായത്തിലും ഭരണം പിടിച്ച മുത്തോലി, കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകളിലുമൊക്കെ ഏറ്റവും വലിയ ഒറ്റ കക്ഷി കേരള കോണ്‍ഗ്രസ് - എമ്മാണ്. ഇവിടങ്ങളിലൊക്കെ സിപിഎം, സിപിഐ കക്ഷികള്‍ നിഷ്പ്രഭമായിട്ടും എല്ലാ വിരുദ്ധ തരംഗത്തെയും അതിജീവിച്ച് മാണി ഗ്രൂപ്പ് പിടിച്ചു നിന്നത് ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തില്‍ മുന്നണിയിലെത്തിയാല്‍ മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കാനും നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുന്നയിടങ്ങളില്‍ വിജയിപ്പിക്കാനും കഴിയുന്ന മധ്യകേരളത്തിലെ പ്രധാന കക്ഷി എന്ന നിലയില്‍ മാണി ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. മുസ്ലിം ലീഗ് ഇത് ആവശ്യപ്പെടുന്നുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/05/14/1X7zpDctyNcH2TVhTsj0.jpg)
എന്നാല്‍ നേരെ തിരിച്ചാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ അവസ്ഥ. സീറ്റും സ്ഥാനാര്‍ഥിയെ വരെയും കൊടുത്ത് ജോസഫ് ഗ്രൂപ്പ് എന്ന സംവിധാനം കോണ്‍ഗ്രസ് ചിലവിലാണ് നിലനില്‍ക്കുന്നത്. തിരിച്ച് തൊടുപുഴയില്‍ ഒഴികെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിനെ തിരിച്ച് സഹായിക്കാനുള്ള ശക്തി ജോസഫ് ഗ്രൂപ്പിനില്ല.
തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലും ആയിരം വോട്ടുകള്‍ക്ക് മേല്‍ സമാഹരിക്കാന്‍ ജോസഫ് ഗ്രൂപ്പിനില്ലെന്ന് കോണ്‍ഗ്രസിനറിയാം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്തിലേയ്ക്ക് മല്‍സരിച്ച് രണ്ട് ഡിവിഷനുകളില്‍ ഒഴികെ ഒരിടത്തും 100 പ്രവര്‍ത്തകര്‍ പോലും ആ പാര്‍ട്ടിക്കുണ്ടായിരുന്നില്ലെന്നാണ് കെപിസിസിക്ക് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്.
കോട്ടയത്ത് പിടിച്ചുവാങ്ങിയ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് ഒടുവില്‍ മല്‍സരിക്കാന്‍ ആളെ കിട്ടാതെ മടക്കി നല്‍കുകയായിരുന്നു. മീനച്ചില്‍ പഞ്ചായത്തിലും സ്ഥാനാര്‍ഥി ഇല്ലാതെ രണ്ട് വാര്‍ഡുകള്‍ ജോസഫ് ഗ്രൂപ്പ് മടക്കി നല്‍കി. നിരവധി പഞ്ചായത്തുകളില്‍ ഇത് ആവര്‍ത്തിച്ചു.
ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിനെ ഇങ്ങനെ സഹിക്കുന്നത് കോണ്‍ഗ്രസിനും മുന്നണിക്കും നഷ്ടമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, ജോസ് കെ മാണിയെ തിരികെ എത്തിക്കാന്‍ കഴിഞ്ഞാല്‍ മധ്യകേരളത്തിലും പുറത്തുമായി 30 - 40 മണ്ഡലങ്ങളില്‍ 500 മുതല്‍ 40000 വോട്ടുകള്‍ വരെ സമാഹരിക്കാന്‍ കഴിയുമെന്നും ഇത് നേരിയ ഭൂരിപക്ഷത്തില്‍ മാത്രം യുഡിഎഫ് പരാജയപ്പെടുന്ന മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാന്‍ സഹായകമാകുമെന്നും നേതൃത്വം കരുതുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഇടതുപക്ഷത്തിന്‍റെ പരാജയം തന്നെയാണ് മാണി ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാന്‍ അനുയോജ്യമായ സമയം. പാര്‍ട്ടിയുടെ വിലപേശല്‍ ശേഷി കുറഞ്ഞിരിക്കുന്ന സമയത്ത് ചര്‍ച്ചകള്‍ നടത്തുന്നത് ഉചിതമായിരിക്കും. പക്ഷേ അത് അനാവശ്യ തിടുക്കം കൂട്ടി സാധ്യതകള്‍ ഇല്ലാതാക്കാന്‍ പാടില്ലെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us