നിത്യജീവിതത്തിന്റെ ഭാവി മാതൃക; വിസ്മയിപ്പിച്ച് കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍ പ്രദര്‍ശനം

New Update
kerala innovation fesgtivel

കൊച്ചി : അടുക്കള മാലിന്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വരെ, റോബോട്ടിക് ഗ്രാഫ്റ്റിംഗ് മുതല്‍ സാറ്റ്‌ലൈറ്റ് കൃഷി വരെ, എഐ രക്തബാങ്ക് മുതല്‍ ജൈവാവയവങ്ങളുടെ ത്രിഡി പ്രിന്റിംഗ് വരെ. ഇങ്ങനെ നിത്യജീവിതത്തിന്റെ ഭാവിയുടെ നേര്‍ക്കാഴ്ചയാണ് കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡിജിറ്റല്‍ ഹബില്‍ നടക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്.

നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് എന്നതൊക്കെ സാധാരണക്കാരന് മനസിലാകാത്തതെന്ന് തള്ളിക്കളയാന്‍ സാധിക്കാത്തവിധമാണ് ദൈനം ദിന ജീവിതത്തിലെ ഇതിന്റെ ഉപയോഗം വെളിവാക്കുന്ന പ്രദര്‍ശനം കൗതുകമാകുന്നത്. ബയോണിക് എഐയുടെ രണ്ട് റോബോട്ടുകളാണ് പ്രധാന വേദിയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കുട്ടികള്‍ വരെ റോബോട്ടുകളുമൊത്ത് കൗതുകം നിറഞ്ഞ ആശയവിനിമയം നടത്തുന്നു.

ഓപ്പറേഷന്‍ സിന്ദൂറിലടക്കം പങ്കാളിത്തം വഹിച്ച ഐറോവ് അണ്ടര്‍ വാട്ടര്‍ഡ്രോണുകള്‍, കാര്‍ഷികാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫ്യൂസലേജ് ഡ്രോണ്‍, ശയ്യാവലംബിതരായ രോഗികള്‍ക്കുള്ള റോബോട്ടിക് സ്യൂട്ട് നിര്‍മ്മിക്കുന്ന ആസ്‌ട്രെക് തുടങ്ങി കേരളത്തില്‍ നിന്നുള്ള വിജയഗാഥകള്‍ രചിച്ച സ്റ്റാര്‍ട്ടപ്പുകളുടെ ഏറ്റവും ആധുനിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
 
ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കാവുന്ന എയ്‌റോപോണിക്‌സ് സാങ്കേതിക വിദ്യയും ഐഒടിയും ഉപയോഗിച്ചുള്ള കൃഷി രീതി, ഏത് വള്ളത്തിലും എളുപ്പം ഘടിപ്പിക്കാവുന്ന ഇലക്ട്രിക് മോട്ടര്‍ വികസിപ്പിച്ച സീമോട്ടോ എന്നിവയെല്ലാം വ്യത്യസ്തങ്ങളായ മേഖലകളില്‍ സാങ്കേതികവിദ്യയുടെ സമര്‍ഥമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങളാണ്.

കൃത്രിമ ജൈവാവയവങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ബയോ ഇങ്ക് നിര്‍മ്മിക്കുന്ന സ്‌കൈര്‍ സയന്‍സ് ഈ മേഖലയില്‍ ഇന്ത്യയിലെ തന്നെ ആദ്യ കമ്പനിയും ലോകത്തിലെ അഞ്ചാമത്തേതുമാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഗവേഷണ സാങ്കേതികവിദ്യ അടിസ്ഥനമാക്കിയാണ് ഇവര്‍ ഈ ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല്ലില്‍ കമ്പിയിടാതെ തന്നെ നിരയെത്തിക്കുന്ന സെലെസ്റ്റ് അലൈന്‍, ഹെല്‍ത്ത് കെയര്‍ ആപ്പായ മൈകെയര്‍ തുടങ്ങിയവ ഹെല്‍ത്ത് ടെക്കിലെ പ്രധാന കാഴ്ചകളാണ്.

വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്ന ഉത്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും ലൊക്കേഷന്‍ അറിയുന്ന ലോക്കറ്റ്, ബെല്‍റ്റ്, പശുക്കളുടെ സമ്പൂര്‍ണ ആരോഗ്യപരിപാലനത്തിനുള്ള ഉപകരണം തുടങ്ങിയവ ആധുനിക സാങ്കേതികവിദ്യ ദൈനംദിന ജീവിത്തില്‍ എത്രകണ്ട് സ്വാധീനം ചെലുത്തുമെന്നത് കാണിച്ചു തരുന്നു.

വനിതാസംരംഭകരുടെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എംവിപി സ്റ്റുഡിയോ, അമ്പത് കിലോ അടുക്കള മാലിന്യം വെറും പതിനാറ് മണിക്കൂറിനുള്ളില്‍ ജൈവമാലിന്യമാകുന്ന മെഷീന്‍, എഐ തയ്യല്‍ക്കട, ബയോ മാലിന്യങ്ങള്‍ കൊണ്ടുള്ള പ്ലേറ്റ്, പാത്രങ്ങള്‍, പ്ലാസ്റ്റിക് ഇഷ്ടിക കൊണ്ടുള്ള സുസ്ഥിര നിര്‍മ്മാണ രീതി എന്നിവയും ആകര്‍ഷകമാണ്.

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളുടെ നൂതന ഉത്പന്നങ്ങളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ഒരേ സമയം ബാഗായും മഴക്കോട്ടായും ഉപയോഗിക്കാവുന്ന ഡിസൈന്‍ നൂതനത്വത്തിന്റെ മാതൃകയാണ്. ഫാബ് ലാബിന്റെ ഉത്പന്നങ്ങളും പ്രതിഷ്ഠാപനങ്ങളും ഡിസൈന്‍ രംഗത്തെ സാങ്കേതികവിദ്യയുടെ ഔന്നിത്യം വെളിവാക്കുന്നു. ഐഒടി, സെന്‍സര്‍ സാങ്കേതികവിദ്യ എന്നിവയുപോയോഗിച്ച് സ്കൂള്‍ കുട്ടികള്‍ ഒരുക്കിയ പ്രദര്‍ശനവും കൗതുകമുളവാക്കി.

പതിനായിരത്തിലധികം പേര്‍ കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനം തന്നെ കളമശേരിയില്‍ എത്തി. ആധുനിക സാങ്കേതികവിദ്യയിലെ വിവിധ പരിശീലന കളരികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളുടെ തിരക്കായിരുന്നു. കെഐഎഫ് ശനിയാഴ്ച സമാപിക്കും.

Advertisment