കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍: വ്യത്യസ്ത ആശയങ്ങളുമായി വനിതകള്‍

New Update
Pic-1  NJNK

കൊച്ചി: കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിലെ സംരംഭക ആശയ മത്സരമായ 'വി പിച്ചില്‍' വ്യത്യസ്ത ആശയങ്ങളുമായി വനിതകള്‍. വീട്ടമ്മമാര്‍ തുടങ്ങി വിദ്യാര്‍ത്ഥിനികള്‍ വരെ പങ്കെടുത്ത പിച്ചിംഗ് മത്സരം വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങളാല്‍ സമ്പന്നമായി.
 
ജൂലൈ 25 മുതല്‍ 26 വരെ കളമശ്ശേരി ഡിജിറ്റല്‍ ഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവരുള്‍പ്പെടെ 33 വനിതകളാണ് പങ്കെടുത്തത്.

മത്സരത്തിന്റെ ഭാഗമായി നൂതന ആശയങ്ങളിലധിഷ്ഠിതമായ ഉത്പന്നങ്ങളും പരിഹാരങ്ങളും വനിതാ സംരംഭകര്‍ അവതരിപ്പിച്ചു. വനിതകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങളുടെ അവതരണം മത്സരത്തിന് മാറ്റ് കൂട്ടി. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10-15 ആശയങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്ന് മാസത്തെ പ്രീ-ഇന്‍കുബേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ആശയങ്ങള്‍ ഉത്പന്നങ്ങളായി മാറ്റുന്നതിനുള്ള പിന്തുണ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്കും.

'വീ പിച്ച്' സെഷനില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും പിച്ചിംഗും എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് പാനലിസ്റ്റുകളിലെ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി. ആറ് മേഖലകളിലെ വിദഗ്ധരടങ്ങുന്ന രണ്ട് വ്യത്യസ്ത പാനലുകളാണ് ആശയങ്ങള്‍ വിലയിരുത്തിയത്. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.

രണ്ട് ദിവസത്തെ കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ സംരംഭകര്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ സംഗമത്തിന് വേദിയായി.

Advertisment