കേരളം സ്ത്രീപക്ഷ ടൂറിസത്തിന്‍റെ വിജയമാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്

New Update
Photo 1
തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും വനിതകളാണ് നയിക്കുന്നതെന്നത് കേരളത്തിലെ സ്ത്രീപക്ഷ ടൂറിസത്തിന്‍റെ വിജയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോളതലത്തില്‍ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ വിനോദസഞ്ചാര ചരിത്രത്തില്‍ സുവര്‍ണ അധ്യായമായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഉത്തരവാദിത്ത ടൂറിസം മേളയാണിത്. പ്രാദേശിക മേഖലകളില്‍ നിന്നുള്ള  ആര്‍ടി യൂണിറ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം ഉത്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റിംഗ് പിന്തുണ നല്കാനും ബിസിനസ് സംരംഭകരുമായി ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും. കരുത്തുറ്റ ജനകീയ സേനയുടെ പങ്കാളിത്തമാണ് ഉത്തരവാദിത്ത ടൂറിസത്തെ ആകര്‍ഷമാക്കുന്നത്. അത്തരം ജനകീയസേനയുടെ കൂടിച്ചേരലാണ് ഈ മേള.

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നതിനായി ഇന്ത്യയില്‍ 'ജന്‍ഡര്‍ ഓഡിറ്റ് ' നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നതില്‍ അഭിമാനമുണ്ട്. സ്ത്രീ സംരംഭകര്‍ക്ക് നാലു ശതമാനം പലിശയില്‍ 15 ലക്ഷം രൂപ വരെ വായ്പ നല്കുന്നതിനായി നാലു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആര്‍ടി മിഷന് അനുവദിച്ച തുകയുടെ 50 ശതമാനവും സ്ത്രീകള്‍ക്കായി നീക്കിവച്ചിട്ടുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്രിഫാം ടൂറിസം, എക്സ്പീരിയന്‍സ്ഡ് ആന്‍റ് എത്നിക് ടൂറിസം തുടങ്ങിയവയിലൂടെ കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവങ്ങള്‍ നല്കാനായി. ലോകത്തിലെ ജനകീയ ടൂറിസത്തിനു മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. കേരളത്തിലെ ഗ്രാമീണ മേഖലയുടെയും വികസനം, ദാരിദ്ര്യ ലഘൂകരണം എന്നിവയ്ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ ടൂറിസത്തെ മാറ്റാന്‍ ആര്‍ടി മിഷനിലൂടെ ലക്ഷ്യമിടുന്നു.  

കേരളത്തിന്‍റെ ടൂറിസം മേഖലയുടെ കുതിപ്പിന് അഭിഭാജ്യഘടകമായി നിലകൊണ്ടത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്. ലോക ടൂറിസം മേളകളിലും ദേശീയ-അന്തര്‍ദേശീയ തലങ്ങളിലും  ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചു. വ്യത്യസ്ത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതിലൂടെ ഗ്രാമീണ മേഖലകളെ ആഗോള വിനോദസഞ്ചാര ഭൂപടത്തിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) യൂണിറ്റുകള്‍, ആര്‍ടി സംരംഭകര്‍, പ്രവര്‍ത്തകര്‍, വ്യവസായ പങ്കാളികള്‍ തുടങ്ങിയവര്‍ മേളയുടെ ഭാഗമാണ് .

ഉദ്ഘാടന സമ്മേളനത്തില്‍ വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. 26000 ത്തിലധികം ആര്‍ടി യൂണിറ്റുകളിലൂടെ ഒന്നരലക്ഷം കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ ആര്‍ടി മിഷനിലൂടെ സാധിച്ചതായി അവര്‍ പറഞ്ഞു. 100 കോടിയിലധികം രൂപയുടെ വരുമാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം 20000 ത്തിലധികം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്കാനായി. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസത്തെ സുസ്ഥിരവും സമഗ്രവുമായ പ്രവര്‍ത്തനമാക്കി താഴേത്തട്ടിലേക്ക് എത്തിക്കുകയും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയുള്ളതാണ് ഈ ആര്‍ടി സംരംഭങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ആര്‍ടി യൂണിറ്റുകള്‍ക്ക് നേതൃത്വം വഹിച്ച 33 ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. ആര്‍ടി യൂണിറ്റുകളിലെ സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങിനും പരിപാടി വേദിയായി. വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി .സി യും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കൗണ്‍സിലര്‍ കെആര്‍ ക്ലീറ്റസ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് എംആര്‍ നാരായണന്‍, യുഎന്‍ വിമന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ നന്ദി പറഞ്ഞു. ആര്‍ടി മിഷനിലൂടെ ഒട്ടേറെ ഗ്രാമങ്ങള്‍ ടൂറിസം ഗ്രാമമായി മാറിയതായും സാധാരണക്കാര്‍ക്ക് സാമൂഹിക-സാമ്പത്തിക ഉന്നമനം സാധ്യമായതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ഒരുക്കിയ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 ലധികം പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ട്. കലാപരിപാടികള്‍, സെമിനാറുകള്‍, ബിസിനസ് സെഷനുകള്‍, ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന തിരുവാതിരക്കളി, ബാംബു ബാന്‍റ് എന്നിവയുടെ അവതരണം മേളയെ ആകര്‍ഷകമാക്കി.

മേളയുടെ ഭാഗമായി 14 ന് വൈകുന്നേരം 5.30 ന് 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നതാണ് മേളയിലെ ഫുഡ് സ്റ്റാളുകള്‍. കനകക്കുന്നില്‍ അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന മേള 15 ന് അവസാനിക്കും

Advertisment
Advertisment