/sathyam/media/media_files/2025/03/29/Xt4cfR4PRggqYKPbzhFv.jpg)
തിരുവനന്തപുരം: വ്യവസായ മേഖലയിലെ മാര്‍ഗനിര്‍ദേശകരുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന മ്യൂലേണ്‍ പോലുള്ള സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യ അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥലമായി ഉയര്‍ന്നുവരാന്‍ കേരളത്തിന് കഴിയുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ വികസന ഉച്ചകോടികളിലൊന്നായ 'പെര്‍മ്യൂട്ട് 2025' ന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിജ്ഞാന വ്യവസായത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ 80 ശതമാനത്തിലധികം പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളുന്ന 250-ലധികം ഐടി കമ്പനികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്‍റെ (ജിടെക്) സംരംഭമാണ് മ്യൂലേണ്‍.
'പെര്‍മ്യൂട്ട് 2025' പോലുള്ള നൈപുണ്യ വികസന പരിപാടികള്‍ യുവാക്കള്‍ക്കിടയില്‍ നൂതന സാങ്കേതികവിദ്യകളിലെ അവസരങ്ങള്‍ ശരിയായ ദിശയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സവിശേഷമായ സംരംഭമാണെന്ന് മന്ത്രി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസി) സ്ഥാപിക്കുന്നതിനുള്ള വിഹിതത്തിന് പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജിപിയു ക്ലസ്റ്ററുകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ വിഭാഗങ്ങളിലെ 'പെര്‍മ്യൂട്ട് 2025' വിജയികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. സിഎസ്ആര്‍ യൂട്ടിലൈസേഷന്‍ വിഭാഗത്തില്‍ ഐസിടി അക്കാദമി തമിഴ്നാട്, ടിങ്കര്‍ഹബ്, എസ്.എല്‍.എ.ടി.ഇ എന്നിവ അവാര്‍ഡുകള്‍ നേടി. കമ്യൂണിറ്റി പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ ഉദ്യം ലേണിംഗ് ഫൗണ്ടേഷന് പുരസ്കാരം ലഭിച്ചു. ടോപ് 100 കോഡേഴ്സ് ജൂനിയര്‍ അവാര്‍ഡ് ജോഷ്വ വര്‍ഗീസും റിസ മുഹമ്മദ് ടിയും സ്വന്തമാക്കി.
വിദ്യാര്‍ത്ഥി പ്രോജക്ട് മാനേജര്‍മാര്‍ക്കുള്ള എസ്.എല്‍.എ.ടി.ഇ കാറ്റലിസ്റ്റ് അവാര്‍ഡ് നയന റോഷന്‍, അനാമിക ലാമി, ആലിയ താരിഖ് എന്നിവര്‍ക്ക് ലഭിച്ചു. 35,000 രൂപ വീതമുള്ള സ്കോളര്‍ഷിപ്പും അവാര്‍ഡില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ 300 ല്‍ പരം എച്ച്ആര്‍ മാനേജര്‍മാരുടെ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് ഡെഡിക്കേഷന്‍ ഇന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇംപാക്റ്റ് അവാര്‍ഡ് നേടി. ടോപ് എമര്‍ജിങ് കാമ്പസുകളായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം, എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് പത്തനാപുരം, ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ടെക്നോളജി തിരുവനന്തപുരം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍, പ്രൊവിഡന്‍സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
ഭാവിയിലെ തയ്യാറെടുപ്പിനായി പാഠ്യപദ്ധതി പുനര്‍വിചിന്തനം ചെയ്യുക, അനുഭവങ്ങളിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുക, ആഗോള വ്യവസായ സഹകരണം ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ 'പെര്‍മ്യൂട്ട് 2025' അഭിസംബോധന ചെയ്തു.
ഭാവിയിലേക്കുള്ള ടാലന്‍റ് ബാങ്ക് സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ അക്കാദമിക, വ്യവസായ, നൈപുണ്യ വികസന ഏജന്‍സികള്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ മ്യുലേണ്‍ ഒരുമിച്ച് കൊണ്ടുവരുന്നു. 2,000 ത്തിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ അനാവരണം ചെയ്യുന്ന എക്സ്പോയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.