സെമികണ്ടക്ടര്‍ രംഗത്തെ സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ അവതരിപ്പിച്ച്; സെമികോണ്‍ ഇന്ത്യ 2025-ല്‍ കേരളത്തിലെ ഐടി സംഘം

New Update
dfghjkl;'
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സെമികണ്ടക്ടര്‍ കേന്ദ്രമായി സംസ്ഥാനത്തെ ഉയര്‍ത്താനുള്ള സാധ്യതകള്‍ അവതരിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന 'സെമികോണ്‍ ഇന്ത്യ 2025 കോണ്‍ക്ലേവില്‍' പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം. മേഖലയിലെ നവീകരണവും പ്രാഗത്ഭ്യവും തന്ത്രപരമായ സഹകരണങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ സംസ്ഥാനത്തിനുള്ള ആഭിമുഖ്യം സംഘം പ്രകടിപ്പിച്ചു.
Advertisment


ആഗോള സെമികണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കുക എന്നതായിരുന്നു സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ രാജ്യതലസ്ഥാനത്തെ യശോഭൂമിയില്‍ നടന്ന നാലാം പതിപ്പിന്‍റെ ലക്ഷ്യം.

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സ്പെഷ്യല്‍ സെക്രട്ടറി സാംബശിവ റാവുവിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നത ഐടി വിദഗ്ധരായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. അലക്സ്, മേക്കര്‍ വില്ലേജ് സിഇഒ വെങ്കട്ട് രാഘവേന്ദ്ര എന്നിവര്‍ ഉണ്ടായിരുന്നു.

ആഗോള നേതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് രംഗത്തെ പ്രതിനിധികള്‍, നവീന ആശയങ്ങളുള്ളവര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് രാജ്യത്തെ സെമികണ്ടക്ടര്‍ മേഖലയുടെ ഭാവി കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു.

ഇന്നറ്റെറ, സെയിന്‍റ്-ഗോബെയ്ന്‍, അപ്ലൈഡ് മെറ്റീരിയല്‍സ്, എഎംഡി, സിറാന്‍ എഐ സൊല്യൂഷന്‍സ്, എച്ച്ടിഎല്‍ ബയോഫാര്‍മ, ഹണിവെല്‍, മൈക്രോണ്‍ ആന്‍ഡ് ലാം റിസര്‍ച്ച് തുടങ്ങിയ ആഗോള പ്രമുഖമായ ഡീപ്-ടെക് കമ്പനികളുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തി.

സെമികണ്ടക്ടര്‍ ഡിസൈന്‍, അഡ്വാന്‍സ്ഡ് പാക്കേജിംഗ്, എഐ അധിഷ്ഠിത നവീകരണം എന്നീ മേഖലകളുടെ കേന്ദ്രമായി സംസ്ഥാനത്തിന് മാറുന്നതിനുള്ള സാധ്യതകള്‍ക്ക് ഈ ചര്‍ച്ചകള്‍ കരുത്തുപകരുന്നതായി സാംബശിവ റാവു പറഞ്ഞു.

ഈ രംഗത്തെ ലോകത്തിലെ മുന്‍നിരക്കാരുമായി സഹകരണം സാധ്യമാകുമെന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉയര്‍ന്ന പ്രതിഭാ സമ്പത്ത്, സജീവമായ നയപിന്തുണ, വികസിച്ചു വരുന്ന ഇലക്ട്രോണിക്സ് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഇക്കോസിസ്റ്റം എന്നിവയാല്‍ സമ്പന്നമായ കേരളത്തിന് രാജ്യത്തെ സെമികണ്ടക്ടര്‍ ലക്ഷ്യങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സെമികണ്ടക്ടര്‍ മിഷനും ആഗോള സെമികണ്ടക്ടര്‍ വ്യവസായ സംഘടനയായ സെമിയും ചേര്‍ന്നാണ് സെമികോണ്‍ ഇന്ത്യ 2025 സംഘടിപ്പിച്ചത്.

Advertisment