കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മനസ്സ് തുറന്ന് സ്പീക്കർ ഷംസീർ. "സ്പീക്കറായുള്ള തുടക്കം രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമ ഉപചാരം വായിച്ചുകൊണ്ടാണ് എന്നത് വലിയ സങ്കടമായി"

New Update
an shamseer

തിരുവനന്തപുരം: 'നിയമസഭയിലെ വികൃതിക്കുട്ടി'യിൽ നിന്നും സഭ നിയന്ത്രിക്കുന്ന സ്പീക്കർ പദവിയിലേക്കുള്ള തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും പുസ്തകോത്സവ വിശേഷങ്ങളെക്കുറിച്ചും വാചാലനായി നിയമസഭ സ്പീക്കർ എ എൻ ഷംസീർ. 

Advertisment

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിവസം 'എന്റെ നിയമസഭ ജീവിതം' സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2016-ൽ ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ ഒരു കുട്ടി സ്കൂളിൽ പോകുന്ന ആകാംക്ഷയായിരുന്നു തനിക്കെന്ന് ഷംസീർ ഓർത്തെടുത്തു. 

"ഒരു എംഎൽഎ ആവുക എന്നത് ചെറുപ്പത്തിലെ ആഗ്രഹമായിരുന്നു. എന്നാൽ സഭയിലെ 24-ാമത് സ്പീക്കറാവുക എന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഉത്തരവാദിത്തമാണ്. 

മുഖ്യമന്ത്രി ഉൾപ്പെടെ താൻ ജനിക്കുന്നതിന് മുൻപേ സഭയിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ സ്പീക്കർ ആകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്," ഷംസീർ പറഞ്ഞു.

താൻ സ്പീക്കറായപ്പോൾ വന്ന പരിഹാസങ്ങളെക്കുറിച്ചും അദ്ദേഹം തമാശരൂപേണ സംസാരിച്ചു. "ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെ പിടിച്ച് ക്ലാസ് ലീഡറാക്കി എന്നായിരുന്നു പരിഹാസം. പക്ഷേ ട്രോളുകളെ അതിന്റെ സ്പിരിറ്റിൽ എടുത്ത് ആസ്വദിക്കാറുണ്ട്."

തന്റെ സ്പീക്കർ പദവിയുടെ തുടക്കം രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചരമ ഉപചാരം വായിച്ചുകൊണ്ടായിരുന്നു എന്നത് വലിയ സങ്കടമായി. വലിയ വേദന ഉൾക്കൊണ്ടാണ് ആ ഉത്തരവാദിത്തം നിർവഹിച്ചത്.

an shamseer-2

മുൻ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം ബി രാജേഷിൻ്റെ ആശയമായ നിയമസഭ പുസ്തകോത്സവത്തെ വലിയ വിജയമാക്കി മാറ്റാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഷംസീർ പറഞ്ഞു. 

തെയ്യം പോലുള്ള സാംസ്കാരിക കലാരൂപങ്ങൾക്ക് വേദിയിൽ പ്രാധാന്യം നൽകിയതും നിയമസഭ ജീവനക്കാരുടെ കഠിനാധ്വാനവും പുസ്തകോത്സവത്തിന്റെ മാറ്റുകൂട്ടി.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, വി ശിവൻകുട്ടി എന്നിവരാണ് സ്പീക്കർ ഓഫീസിൽ ഏറ്റവും കൂടുതൽ വരാറുള്ളത്. മന്ത്രി ഗണേഷ് കുമാറുമായും അടുത്ത ബന്ധമാണ്.

വന്യജീവി-മനുഷ്യ സംഘർഷങ്ങളിൽ താൻ എന്നും മനുഷ്യപക്ഷത്ത് മാത്രമേ നിൽക്കൂ എന്നും സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കി.

Advertisment