/sathyam/media/media_files/2025/08/29/lottery-jpg-2025-08-29-17-24-59.webp)
തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗമായ ലോട്ടറിക്ക് തിരിച്ചടിയെന്നോണം ജി.എസ്.ടി നിരക്ക് ഉയരും. ലോട്ടറിയുടെ ജി.എസ്.ടി.40% ആയി ഉയർത്താനാണ് നീക്കം.
ജി.എസ്.ടി.വന്നപ്പോൾ 12%മാത്രമായിരുന്ന ലോട്ടറി നികുതി 2020ൽ 28% ആക്കി ഉയർത്തിയിരുന്നു. ഹാനികരമായ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്‌ളാബിലേക്ക് മാറ്റുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
നികുതി കൂടിയാൽ ലോട്ടറി ടിക്കറ്റുകളുടെ വിലയും കുത്തനേ ഉയരും. ഇത് കച്ചവടവും സർക്കാരിന്റെ വരുമാനവും കുറയ്ക്കാനിടയാക്കും.
ലക്ഷക്കണക്കിന് ലോട്ടറി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നടപടിയാണിത്. കേരള ലോട്ടറിയെ ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം തുടങ്ങിയ വിഭാഗത്തിൽപെടുത്തിയതാണ് നികുതി വർദ്ധിപ്പിക്കാൻ ഇടയാക്കുന്നത്.
സംസ്ഥാന ഖജനാവിനെ താങ്ങനിർത്തുന്ന പ്രധാന വരുമാന മാർഗമാണ് ലോട്ടറി. 2024- 2025 സാമ്പത്തിക വർഷത്തിൽ ലോട്ടറിയിൽ നിന്നുള്ള ആകെ വരുമാനം 13244 കോടി രൂപയായിരുന്നു.
തനതു വരുമാനത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ് ലോട്ടറിയിൽ നിന്ന് ലഭിച്ചതെന്നൊക്കെയാണ് സർക്കാർ വാദമെങ്കിലും അതിനെ ഖണ്ഡിക്കുന്ന കണക്കുകളാണുള്ളത്.
ലോട്ടറി നടത്തിപ്പിന് മൊത്തം ചെലവ് 12222 കോടി രൂപയാണെന്നും ലാഭം 1022 കോടി രൂപയാണെന്നുമാണ് വാദം. പതിനഞ്ച് വർഷത്തിനിടയിൽ കേരളത്തിലെ ലോട്ടറി വിൽപ്പനയും വരുമാനവും പടിപടിയായി ഉയരുകയാണ്.
കേരളത്തിന്റെ നികുതിയേതര വരുമാനത്തിന്റെ 76ശതമാനവും നൽകുന്നത് ലോട്ടറിയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12,530 കോടി രൂപയാണ് ലോട്ടറി ഖജനാവിലേക്കെത്തിച്ചത്.
2022-23 സാമ്പത്തിക വര്‍ഷം ഇത് 11,892 കോടിയായിരുന്നു. ഒരു വർഷം കൊണ്ട് 5.36 ശതമാനം വളര്‍ച്ച ലോട്ടറി വരുമാനത്തിലുണ്ടായി. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം ഓരോ വര്‍ഷവും വർദ്ധിക്കുകയാണ്.
2022-23 സാമ്പത്തിക വർഷത്തില്‍ 15,117 കോടിയായിരുന്നു നികുതിയേതര വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 16,345 കോടിയായി ഉയർന്നു.
ലോട്ടറിയുടെ നികുതി നിലവിൽ 28ശതമാനമാണ്. ഇതിന്റെ പകുതി സംസ്ഥാനത്തിന് ലഭിക്കും. അതിനാൽ 40ശതമാനം നികുതി ഏർപ്പെടുത്തിയാലും പകുതി നികുതിപ്പണം സംസ്ഥാന ഖജനാവിലേക്കെത്തും.
ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നാവശ്യപ്പെടുകയാണ് കേരളം. സേവന നികുതിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്നാണ് ആവശ്യം. സേവന നികുതയിൽ ലോട്ടറി ഉൾപ്പെടുത്താനുള്ള നടപടി സാധാരണക്കാരുടെ ഉപജീവനം മാർഗം ഇല്ലാതാക്കും.
സർക്കാർ നടത്തുന്ന ലോട്ടറിയെ നികുതിയിൽ നിന്ന് ഒഴിവാക്കണം. ജിഎസ്ടി വർധിപ്പിച്ചാൽ ലോട്ടറി നിരക്ക് വർധിപ്പിക്കണ്ടി വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തിൽ 97 ശതമാനവും കേരളത്തിലാണെന്നതും പ്രസക്തമാണ്.
ലോട്ടറി വിൽപന പ്രതിസന്ധിയിലായാൽ സംസ്ഥാനത്തിന്റെ വരുമാനത്തേയും ലക്ഷക്കണക്കിന് പേരുടെ തൊഴിലിനേയും സാമൂഹ്യസുരക്ഷാപദ്ധതികളേയും ബാധിക്കും. സംസ്ഥാനത്ത് അഞ്ച് പ്രതിവാര ലോട്ടറികളും ആറ് ബമ്പർ ലോട്ടറികളുമാണുള്ളത്.
പ്രതിവർഷം 14000 കോടിയോളമാണ് വിൽപന. സർക്കാരിന് നികുതിയിനത്തിൽ 3000കോടിയോളവും ലാഭം ഇനത്തിൽ 450കോടിയും കിട്ടുന്നുണ്ട്.
രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 41138.45കോടിയാണ് ലോട്ടറിയുടെ വിറ്റുവരവ് . ഇതിൽ നിന്ന് 11518.68കോടിയുടെ നികുതിയും 2781.54കോടിയുടെ ലാഭവും കിട്ടി. കൂടാതെ 38577അംഗീകൃത ഏജന്റുമാർക്കും 1.41ലക്ഷം വിൽപനക്കാർക്കും കമ്മിഷനായും വരുമാനംകിട്ടും.
പുറമെ ലോട്ടറിക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്,ചികിത്സാ ധനസഹായം, മരണാനന്തര കുടുംബ സഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ എന്നീ ആനുകൂല്യങ്ങളുടെ വിതരണവും നടത്തുന്നുണ്ട്.
കൂടാതെ ലോട്ടറിയിൽനിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഏകദേശം 6ലക്ഷംപേർക്ക് സൗജന്യചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ ഗുണഭോക്താക്കളാണ്.
ലോട്ടറി കച്ചവടം പ്രതിസന്ധിയിലായൽ ഇതെല്ലാം നിലയ്ക്കും. സെപ്തംബർ 3,4 തീയതികളിൽ ചേരുന്ന ജി.എസ്.ടി.കൗൺസിൽ യോഗത്തിലാണ് ലോട്ടറിക്ക് 40% നികുതിഘടനയുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.