/sathyam/media/media_files/2024/11/28/PrWnfOjnXLCpmELVExsV.jpg)
കൊച്ചി: മാരിടൈം വിദ്യാഭ്യാസത്തിന്റെ മികവിന്റെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള യത്‌നത്തിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 2ന് കൊച്ചിയില്‍ വെച്ചു കേരള മാരിടൈം എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ രണ്ടിന് നഗരത്തില്‍ നടക്കുന്ന കേരള മാരിടൈം വിദ്യഭ്യാസ കോണ്‍ഫറന്‍സ് മാരിടൈം വിദ്യാഭ്യാസത്തിന്റെ ഭാവി, തുറമുഖം ഷിപ്പിംഗ് മറ്റു അനുബന്ധ മേഖലകളിലെ വിദ്യാഭാസ നൈപുണ്യ സാധ്യതകള്‍ എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേദിയാകും. മാരിടൈം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന കോണ്‍ഫറന്‍സില്‍ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങള്‍ക്കുമുള്ള പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും.
ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്റ് റിസോര്‍ട്ടില്‍ വെച്ചു നടക്കുന്ന തിങ്കളാഴ്ചയിലെ പരിപാടി തുറമുഖ സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. മാരിടൈം മേഖലയിലെ പ്രമുഖരുമായി ബി ടു ബി സെഷനുകള്‍, അക്കാദമിക് വിദഗ്ദ്ധര്‍, നയം രൂപകല്‍പ്പന ചെയ്യുന്നവര്‍ എന്നിവര്‍ക്കുള്ള സെഷനുകള്‍ തുടങ്ങിയവ കോണ്‍ഫറന്‍സില്‍ ഉണ്ടാകും.
സുജിത് വിജയന്‍പിള്ള മുഖ്യതിഥിയാകും. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിഷറീസ് തുറമുഖ വകുപ്പ്) കെ.എസ്.ശ്രീനിവാസ് മുഖ്യപ്രസംഗം നടത്തും. കൊച്ചിന്‍ പോര്‍ട്ട് അതോറിട്ടി ചെയര്‍മാന്‍ ബി.കാശിവിശ്വനാഥന്‍ ഡയറക്ടര്‍ ജനറല്‍ (ഷിപ്പിങ്) ശ്യാം ജഗന്നാഥന്‍, വേള്‍ഡ് മാരിടൈം യൂണി. എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം സന്‍ജം സായി ഗുപ്ത, ഗുജറാത്ത് മാരിടൈം യൂണി. വൈസ് ചാന്‍സിലര്‍ ഡോ.എസ്.ശാന്തകുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ. പ്രദീപ് ജയരാമന്‍, തുടങ്ങിയ പ്രമുഖരുടെ മുഖ്യപ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും സെഷനിലുണ്ടാകും.
കേരളത്തിലെ മാരിടൈം പരിശീലനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നേരിട്ട് ഊന്നല്‍ നല്‍കുന്ന കോണ്‍ഫറന്‍സിന് കേരള മാരിടൈം ബോര്‍ഡ് മികച്ച സ്ഥാപനങ്ങളിലെ പ്രമുഖരുടെ പങ്കാളിത്തമാണ് ഉറപ്പാക്കുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഡിപി വേള്‍ഡ്, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ഇന്ത്യന്‍ മാരിടൈം യൂണിവെഴ്‌സിറ്റി, എ.എ.ഇ.ടി.യൂണിവെഴ്‌സിറ്റി, അസാപ്, കേരള അക്കാദമി ഫോര്‍ സ്‌ക്കില്‍ എക്‌സലന്‍സ് എന്നിവയില്‍ നിന്നുള്‍പ്പടെയുള്ളവരാണ് പങ്കെടുക്കുന്നത്.
കോണ്‍ഫറസിന്റെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 9544410029 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.