സമഗ്ര വികസനത്തിന്റെ കേരള മാതൃക, കെഫോണ്‍ ഒ.ടി.ടിയിലൂടെ വിനോദ മേഖലയിലും കൈയൊപ്പ്: മുഖ്യമന്ത്രി

New Update
KFON - OTT Inauguration

തിരുവനന്തപുരം : സമഗ്ര വികസനത്തില്‍ മാതൃക തീര്‍ത്താണ് കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിന്റെ ഒ.ടി.ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സമഗ്ര വികസനം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാരിന്റെ ശക്തമായ ചുവടുവെയ്പ്പാണ് കെഫോണ്‍ ഒ.ടി.ടി. ചുരുങ്ങിയ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കെഫോണിന് സാധിച്ചിട്ടുണ്ട്. സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സേവനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷം കണക്ഷനുകളെന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ഐ.എസ്.പി എ ലൈസന്‍സും നേടിയാണ് കെഫോണിന്റെ വളര്‍ച്ച.

നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെ കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.

ആകെ 1,16,234 കണക്ഷനുകളാണ് കെഫോണ്‍ സംസ്ഥാനത്തുടനീളം നല്‍കിയിരിക്കുന്നത്. ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 3079 ആണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 75773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14194 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈബര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു.

 അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500-ന് മുകളില്‍ ഉപഭോക്താക്കളുണ്ട്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.

Advertisment