'സർവ്വത്ര അതൃപ്തി'. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട തുടർ നടപടികൾ. സീറോ മലബാർ സഭയിലും സംസ്ഥാന ബി.ജെ.പിയിലും അതൃപ്തി. സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം. സഭ ബി.ജെ.പി വഴിയല്ല ജാമ്യത്തിന് ശ്രമിക്കേണ്ടതെന്ന് വിശ്വാസി സമൂഹവും ചില വൈദികരും. സമൂഹ മാധ്യമങ്ങളിൽ ക്രൈസ്തവ സഭകൾക്കും പുരോഹിതർക്കുമെതിരെ സംഘപരിവാർ അനുകൂലികളുടെ വിമർശനം

സജീവമായി മതംമാറ്റം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സഭകൾ നടത്തുന്നുണ്ടെന്നും ഇത് തടയേണ്ടതാണെന്നുമുള്ള വാദമാണ് അവർ ഉയർത്തുന്നത്.

New Update
Untitledtrsign

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിലും സംസ്ഥാന ബി.ജെ.പിയിലും കടുത്ത അമർഷവും അതൃപ്തിയും പുകയുന്നു. ഒരാഴ്ച്ചയായി ജയിൽവാസം അനുഭവിക്കുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കാനായില്ലെന്ന വിഷയത്തിൽ സഭയ്ക്കും വിശ്വാസ്യത തകർന്നതിൽ ബി.ജെ.പിയിലുമാണ് അതൃപ്തി പടരുന്നത്.

Advertisment

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീഗഡ് സർക്കാർ എതിർക്കില്ലെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം പൊളിഞ്ഞതാണ് പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നത്.

anoop antony


വിഷയത്തിൽ ഇടപെടാൻ പ്രതിനിധിയായി പോയ സംസ്ഥാന ജനറൽ സെക്രട്ടറി മാധ്യമങ്ങളോടും സഭാ അധികാരികളോടും പറഞ്ഞ കാര്യം നടപ്പായില്ലെന്ന് മാത്രമല്ല ഇവരുടെ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കോടതിക്ക് മുമ്പിൽ ബജ്‌റംഗ്ദളിന്റെ ആഘോഷ പ്രകടനവും അരങ്ങേറിയതാണ് സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്.


ക്രൈസ്തവ സഭകളെ കൂടെ നിർത്തേണ്ട നിർണായക സമയത്ത് കൃത്യമായ പ്രധാന വിഷയത്തിൽ നടത്തിയ ഇടപെടലുകൾ പാളിപ്പോയതിലും പാർട്ടിക്കുള്ളിൽ വിമർശനമുയരുന്നുണ്ട്. അറസ്റ്റിനെതിരെ ക്രൈസ്തവരെ തെരുവിലിറക്കിയത് പാർട്ടിയുടെ ഉത്തരവാദിത്വ രഹിത സമീപനമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നത്‌.

2014 ബി.െജ.പി അധികാരത്തിലേറിയ ശേഷം വിവിധ സഭകളെ അടുപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ അടിത്തറ തന്നെ ഈ വിഷയത്തോടെ തകർന്നുവെന്നും അവർ വിലയിരുത്തുന്നു.

പാർട്ടിക്കൊപ്പമുള്ള ക്രൈസ്തവ നേതാക്കൾ വേണ്ട സമയത്ത് ഉണർന്ന് പ്രവർത്തിച്ചില്ലെന്നും വിഷയം രൂക്ഷമാകാൻ ഇടയാകും മുമ്പ് തന്നെ അതിൽ ഇടപെടൽ വേണ്ടിയിരുന്നുവെന്നുമാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.


വിഷയത്തിൽ സഭാ നേതൃത്വത്തിനെതിരെ ചില വൈദികരും വിശ്വാസികളും അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. ദിവസങ്ങളായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ബി.ജെ.പി വഴി എന്തിനാണ് സഭ ശ്രമങ്ങള്‍ നടത്തുന്നതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.


നിയമസംവിധാനങ്ങൾ വഴി മോചനത്തിന് ശ്രമിക്കാതെ രാഷ്ട്രീയ മാർഗം നോക്കുന്നതാണ് വിശ്വാസി സമൂഹത്തെ വിമർശനത്തിലേക്ക് നയിച്ചിട്ടുള്ളത്. സഭയെടുക്കുന്ന നിലപാടിനെ വിമർശിച്ച് വൈദികൻ സാമൂഹ്യ മാധ്യമത്തിലിട്ട കുറിപ്പിലെ ചില ഭാഗങ്ങളും ചർച്ചയായിട്ടുണ്ട്. 

Untitledtrsign

ജാമ്യാപേക്ഷ നേരെ കോടതിയിലേക്ക് പോകുന്നതിനു പകരം ബി.ജെ.പിയുടെ കേരള രാഷ്ട്രീയ ഘടകം വഴി, ഛത്തീസ്ഗഡ് ഘടകത്തിൽ എത്തി, അവിടന്ന് ഡൽഹിയിലെ പരമോന്നത കോടതിയും നിയമവും ആയ ജിയുടെ പടിവാതിലിൽ കൂടി കയറി പിന്നാമ്പുറത്തു കൂടി ഇറങ്ങി ഇന്ന് ബിലാസ്പൂരിലെ ന്യായ പെട്ടിക്കടയുടെ മുന്നിൽ എത്തി നിൽക്കുകയാണ്.


നാല്പത് പൈസക്ക് വളരെ എളുപ്പത്തിൽ ഇന്ന് ജാമ്യം കിട്ടിയേക്കും. വളരെ സർഗ്ഗശേഷിയും, സാമൂഹ്യ രാഷ്ട്രീയ ബോധവും ഉള്ള വിശ്വാസികൾ സഭയുടെ പോക്കിനെ കുറിച്ചും, സഭ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ കുറിച്ചും ആശങ്കാകുലരാണെന്ന കുറിപ്പിലെ ഭാഗമാണ് ചർച്ചയായിരിക്കുന്നത്.


ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ രൂക്ഷവിമർശനമാണ് ക്രൈസ്തവ സഭകൾക്കും അവരുടെ പുരോഹിതർക്കുമെതിരെ നടത്തുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെയും അവർ വിമർശനമുന്നയിക്കുന്നുണ്ട്.

സജീവമായി മതംമാറ്റം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സഭകൾ നടത്തുന്നുണ്ടെന്നും ഇത് തടയേണ്ടതാണെന്നുമുള്ള വാദമാണ് അവർ ഉയർത്തുന്നത്.

അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ ഛത്തീസ്ഗഡിൽ സർക്കാരുണ്ടെന്നും അതിൽ സംസ്ഥാന ബി.ജെ.പിക്ക് വേവലാതി വേണ്ടെന്നും ചില സംഘപരിവാർ സംഘടനകളുടെ ഔദ്യോഗിക രപതികരണങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertisment