കോട്ടയം: വിദേശത്ത് പോയ നഴ്സുമാര്‍ക്ക് മടങ്ങി വരാന്‍ താല്‍പ്പര്യമില്ല. അനധികൃത അവധിയില്‍ തുടരുന്ന61 സ്റ്റാഫ് നഴ്സുമാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടിരുന്നു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്സുമാരെയാണു പിരിച്ചുവിട്ടത്. വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്സുമാരാണ് അവധി എടുത്തു ജോലിക്കെത്താതിരുന്നത്.
മികച്ച ശമ്പളം
എന്നാല്‍, ഇവര്‍ എവിടെ എന്ന ചോദ്യത്തിനു ലഭിക്കുന്ന മറുപടി വിദേശത്തു ജോലിയിലാണെന്നതാണ്. പലരും വിദേശ രാജ്യങ്ങളില്‍ മികച്ച ശമ്പളത്തോടെ ജോലി നോക്കുന്നവര്‍.
സര്‍ക്കാര്‍ ജോലി നേടിയ ശേഷം ശൂന്യ വേതന അവധി എടുത്താണ് ഇവര്‍ വിദേശത്തേക്കു ചേക്കേറിയത്. പക്ഷേ, അവധിയുടെ കാലാവധി കഴിഞ്ഞ ശേഷവും മടങ്ങിയെത്താന്‍ ഇക്കൂട്ടര്‍ തയാറല്ല. വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്കു ഡിമാന്‍ഡ് കൂടുതല്‍ ഉള്ള സമയമാണിത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി നേടുന്നവര്‍ക്ക് തുടക്കത്തില്‍ 1700 യൂറോയും (ഒന്നരലക്ഷം രൂപ) റജിസ്റ്റേഡ് നഴ്സുമാര്‍ക്ക് 2500-3200 യൂറോയുമാണ് (2.2 - 2.8 ലക്ഷം) ശമ്പളം.
2021 മുതല്‍ 23 വരെ രണ്ടായിരത്തോളം നഴ്സുമാരാണ് ഒഡെപെക് വഴി വിദേശ രാജ്യങ്ങളിലേക്കു പോയിട്ടുള്ളത് ഇതില്‍ 600 പേര്‍ യുകെയിലേക്കാണു പോയത്.
ഇവര്‍ പിന്നീട് കുടുംബത്തെക്കൂടി വദേശത്തേക്കു കൊണ്ടു പോയതോടെ അവിടെ തന്നെ തുടരാനാണു താല്‍പര്യപ്പെടുന്നത്.
ഇതോടെ നാട്ടിലേക്കു മടങ്ങിയെത്തി സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഇക്കൂട്ടര്‍ക്കു താല്‍പര്യമില്ലെന്നുള്ളതാണു വസ്തുത.
അനധികൃത അവധിയില്‍ തുടരുന്നവരെ നീക്കം ചെയ്യാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശമുണ്ട്.
ഗുരുതര ലംഘനം
ജീവനക്കാര്‍ സര്‍ക്കാര്‍ സേവനത്തെ തികഞ്ഞ ലാഘവത്തോടെ കാണുന്നതും ജോലിക്ക് ഹാജരാകാതെ ഇരിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മോധാവിക്കു മുന്നില്‍ ഹാജരാകാനും അറിയിച്ചിരുന്നു.
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ പ്രൊബേഷനില്‍ ആണെങ്കില്‍ പ്രൊബേഷന്‍ അവസാനിപ്പിച്ച് അവരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടാവുന്നതാണ്. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.
ശൂന്യവേതന അവധി അഞ്ചു വര്‍ഷമായി ചുരുക്കുന്നതിനു മുന്‍പ് 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു.
ഇവര്‍ വിദേശത്തും മറ്റും ജോലിചെയ്ത ശേഷം തിരികെ എത്തി ജോലിയില്‍ പ്രവേശിക്കുന്ന പതിവുണ്ടായിരുന്നു. കാലയളവ് വെച്ചിട്ടുരുക്കിയതോടെ മടങ്ങിയെത്തി ജോലിക്ക് കയറുന്നത് അവസാനിക്കുകയും ചെയ്തു.