തൊഴില്‍ അന്വേഷകര്‍ ജാഗ്രതൈ. വിദേശത്ത് ജോലിക്ക് പോവുന്നവര്‍ക്ക് കേസുണ്ടെങ്കിലും ഇനി പോലീസ് ക്ലിയറന്‍സ് ലഭിക്കും. സര്‍ട്ടിഫിക്കറ്റില്‍ കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. കേസില്‍പെട്ടാല്‍ ക്ലിയറന്‍സ് കിട്ടുക പണിയാവും. ട്രാഫിക്, പെറ്റി കേസുകളുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടും. കേസില്ലാ സര്‍ട്ടിഫിക്കറ്റിന്റെ രൂപം മാറ്റി പോലീസ്

സംസ്ഥാനത്ത് ജോലിക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനും മറ്റാവശ്യങ്ങള്‍ക്കും നല്‍കിയിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പേരുമാറ്റി കേസില്ലാ സര്‍ട്ടിഫിക്കറ്റ് എന്നാക്കിയിട്ടും കോടതിയില്‍ തിരിച്ചടി.

New Update
kerala police 111

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനും മറ്റാവശ്യങ്ങള്‍ക്കും നല്‍കിയിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പേരുമാറ്റി കേസില്ലാ സര്‍ട്ടിഫിക്കറ്റ് എന്നാക്കിയിട്ടും കോടതിയില്‍ തിരിച്ചടി.


Advertisment

 മുന്‍പത്തെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്ലാ സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍മെന്റ് ഇന്‍ ഒഫന്‍സസ്) എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ കേസില്‍ പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസായതോടെ കേസില്‍ പെട്ടവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലീസ് തീരുമാനിച്ചു.



കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പുതുരൂപത്തിലായിരിക്കും. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചിരുന്നതിന് പകരമായി കേസ് വിവരം വ്യക്തമാക്കിയാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക.


  ഇന്ത്യയ്ക്കകത്തും പുറത്തും ജോലിക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാവും. 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന് വ്യക്തമാക്കിയുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതുവരെ നല്‍കിയിരുന്നത്. അത് 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്/ ഉള്‍പ്പെട്ടിട്ടില്ല' എന്ന് കാട്ടിയാകും ഇനി നല്‍കുക. കുറ്റത്തിന്റെ സ്വഭാവം, നടപടികള്‍ നടക്കുന്ന കോടതിയുടെ പേര്, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കും.



വിദേശ ജോലിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പാസ്‌പോര്‍ട്ട് ഓഫീസര്‍ ആണെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേര് മാറിയത്. വിദേശ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷനും പാസ്‌പോര്‍ട്ട് വകുപ്പും ചേര്‍ന്നായിരിക്കും. 



റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കാവും പ്രധാനമായും ഇതിന്റെ ചുമതല. സന്ദര്‍ശക വിസയൊഴികെയുള്ള എല്ലാ വിസകള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. വിദേശ ജോലിക്കായി പൗരന്മാരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനത്തിനോ പൊലീസിനോ അധികാരമില്ലെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 


പാസ്‌പോര്‍ട്ട് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റെന്നും ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശ ജോലിക്കും വിദേശത്തെ മറ്റ് ആവശ്യങ്ങള്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതോടെയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേര് കേസില്ലാ സര്‍ട്ടിഫിക്കറ്റ്  എന്നാക്കി മാറ്റിയത്.  


കേരളാ പോലീസിന്റെ പോല്‍-ആപ്പ്, തുണ പോര്‍ട്ടല്‍, ഐകോപ്സ് ആപ്ലിക്കേഷന്‍ എന്നിവ വഴി ഓണ്‍ലൈനായി നല്‍കാം. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും പോലീസ് സ്റ്റേഷനുകളിലും നേരിട്ടും അപേക്ഷ നല്‍കാനാകും. 


ഡിജിറ്റല്‍ പോലീസ് പോര്‍ട്ടല്‍, ഫെയ്സ് റെക്കഗ്‌നിഷന്‍ സിസ്റ്റം, ഐ കോപ്സ് തുടങ്ങിയ പോലീസ് സംവിധാനങ്ങളില്‍ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കും. ഫോട്ടോകൂടി ഉള്‍പ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ ആധികാരികത ആര്‍ക്കും ഉറപ്പാക്കാം. 


സാധാരണ സാഹചര്യങ്ങളില്‍ അപേക്ഷ ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ട്രാഫിക്, പെറ്റി കേസുകളുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


Advertisment