/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് ആറരലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെട്ട മൂന്നംഗ സംഘം പിടിയില്‍.
കൊടുവള്ളി മാനിപുരം സ്വദേശിയായ തൃപ്പൊയില്‍ മുഹമ്മദ് ജാസിം(22), ബാലുശ്ശേരി ശിവപുരം സ്വദേശി പാറക്കല്‍ അബു ഹസ്സന്‍ അലി(21), ശിവപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ കാരാട്ട് ഗോപിക്ക് (മുത്തു 22) എന്നിവരെയാണ് നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ്, എസ്ഐ ലീല വേലായുധന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയത്.
ബംഗളൂരുവില്‍ താമസിക്കുന്ന ഡോക്ടര്‍ പൊലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തെപ്പറ്റി സൂചന ലഭിച്ച മൂന്ന് പേരും ജില്ലയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. ജാസിമാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ലഭിക്കുന്ന വിവരം. ഗോപിക്കിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം വിനിമയം ചെയ്തിരുന്നത്.