/sathyam/media/media_files/2025/02/24/ULbltV7L8vevaFQu9oKm.jpg)
തിരുവനന്തപുരം: മാറനല്ലൂരില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇടത്തറ പെരുമുള്ളൂര്‍ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച വൈകിട്ട് വീട് പൂട്ടി പുറത്തുപോയ അനീഷും കുടുംബവും തിരിച്ചെത്തി വീട്ടിലേക്ക് പ്രവേശിക്കാന്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതോടെ പിന്നിലെ വാതില്‍ തുറക്കാനെത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് അതും കവര്‍ന്നാണ് സ്ഥലം വിട്ടത്. പൊലീസും ഡോഗ്സ്‌ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന നടത്തി.
പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു. വീട് പൂട്ടി പോകുന്നത് കാണ്ട ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും വീട്ടുകാര്‍ ഉടനെ തിരിച്ചെത്തിയാല്‍ വാതില്‍ തുറക്കാതിരിക്കാനാവാം മോഷ്ടാവ് അകത്തുനിന്ന് മുന്‍വശത്തെ വാതില്‍ പൂട്ടിയതെന്നുമാണ് പൊലീസിന്റെ സംശയം.