തിരുവനന്തപുരം: വാട്‌സ് ആപ്പ് , ഇമെയിൽ എന്നിവ വഴി വരുന്ന ചില സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
ഇത്തരം മെസേജുകളിലൂടെ ഷെയർ ചെയ്യപ്പെടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .
മൊബൈൽ സേവന ദാതാക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടുള്ള ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ജനങ്ങൾക്ക് നൽകുന്നില്ല . മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലും ഇപ്പോൾ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്.
മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മതിയാവും.
വായ്പ നൽകാം എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്.
ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ലെന്നും അധികൃതർ വ്യക്തമാക്കി.