/sathyam/media/media_files/2026/02/28/untitled-2026-02-28-11-55-03.jpg)
കൊച്ചി: വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കഥകള്‍ നാടുനീളെ ചര്‍ച്ചയാകുമ്പോള്‍, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കരുതലിന്റെയും വലിയൊരു സന്ദേശം നല്‍കുകയാണ് കേരളം.
ഇവിടെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നത് ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല, മറിച്ച് സഹോദര്യത്തിന്റെ ഭാഷയിലാണ്.
പള്ളിയും അമ്പലവും മദ്രസയും മതിലുകള്‍ പങ്കിടുന്ന കേരളത്തിന്റെ മതേതര മണ്ണില്‍ ഓരോ ജീവനും ഒരുപോലെ വിലപ്പെട്ടതാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കൊച്ചി മെട്രോ തൂണില്‍ നടന്ന ആവേശകരമായ രക്ഷാദൗത്യം.
ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റിയ മണ്ണാണിത്. ഇവിടെ വിപത്തുകള്‍ വരുമ്പോള്‍ ആരും അപരന്റെ ജാതിയോ മതമോ തിരയാറില്ല. പ്രളയകാലത്ത് മതം നോക്കിയല്ല നാം പരസ്പരം കൈകോര്‍ത്തത്. ആ യഥാര്‍ത്ഥ 'കേരള സ്റ്റോറി'യുടെ തുടര്‍ച്ച തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി കണ്ടത്.
കലൂര്‍ സ്റ്റേഡിയത്തിന് സമീപമുള്ള 556-ാം നമ്പര്‍ മെട്രോ തൂണിന് മുകളില്‍ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന ഒരു പൂച്ചയെ രക്ഷിക്കാന്‍ ഒരു നാട് മുഴുവന്‍ ഉറക്കമിളച്ച് കാത്തിരുന്ന കാഴ്ച ലോകത്തിന് തന്നെ മാതൃകയാണ്.
ഒരാഴ്ച മുന്‍പാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഈ പൂച്ച ഉയരത്തില്‍ കുടുങ്ങിയത് ശ്രദ്ധിക്കുന്നത്. പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അത്യന്തം നാടകീയമായിരുന്നു. മാന്‍ ലിഫ്റ്റര്‍ ഉപയോഗിച്ച് സമീപമെത്തിയെങ്കിലും ഭയന്ന പൂച്ച ഓടിമാറി. ലിഫ്റ്റ് തകരാറിലായതും മെട്രോ സര്‍വീസുകളും വെല്ലുവിളിയായെങ്കിലും അധികൃതര്‍ പിന്മാറാന്‍ തയ്യാറായില്ല.
ഒടുവില്‍ രാത്രിയോടെ മെട്രോ സര്‍വീസ് അവസാനിച്ച ശേഷം വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചാണ് ദൗത്യം പുനരാരംഭിച്ചത്. അഗ്‌നിരക്ഷാ സേനയും എസ്പിസിഎയും നടത്തിയ കഠിനശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ പൂച്ചയെ സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനത്തിന്റെ ലൈവ് സംപ്രേക്ഷണം കണ്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഈ പൂച്ച ഒരു പ്രതീകമായി മാറി. ഇതിനിടെ നാട്ടുകാര്‍ പൂച്ചയ്ക്ക് ഒരു പേരുമിട്ടു 'സുഭാഷ്'. ഗുണാ കേവിന്റെ ആഴങ്ങളില്‍ നിന്ന് കൂട്ടുകാര്‍ വടമിട്ട് പിടിച്ചുയര്‍ത്തിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയിലെ സുഭാഷിന്റെ പേരാണ് ആകാശപ്പാതയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഈ പൂച്ചയ്ക്കും നല്‍കിയത്.
ഇവിടെ ഓരോ ജീവനും വേണ്ടിയുള്ള പോരാട്ടം ഒരു വലിയ കൂട്ടായ്മയുടെ വിജയമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നവര്‍ക്ക് മുന്‍പില്‍, ഒരു നിസ്സാര ജീവന്റെ രക്ഷയ്ക്കായി കൈകോര്‍ത്ത ഈ മലയാളി ഐക്യമാണ് ലോകം കാണേണ്ട യഥാര്‍ത്ഥ ചിത്രം. ഈ മതേതരത്വവും പരസ്പര സ്‌നേഹവുമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us