ഇന്ത്യയുടെ ജിസിസി കേന്ദ്രമായി മാറാന്‍ കേരളം ജിസിസി മേഖലയ്ക്കായി പ്രത്യേക ഇളവുകള്‍ പരിഗണനയില്‍

New Update
PIC.

കൊച്ചി: ഗ്ലോബല്‍ കേപബിലിറ്റി സെന്‍റ്റുകളുടെ(ജിസിസി) കേന്ദ്രം ആകുന്നത് ലക്ഷ്യമിട്ട് ആഗോള കമ്പനികളും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ശൃംഖലയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു.
ജിസിസി മേഖലയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടന്ന ഇ.ടി. സര്‍ജ് 2025-ല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി.

Advertisment

ജിസിസി ബോയിലര്‍ പ്ലെയ്റ്റ് എന്ന പുതിയ സംവിധാനം, നിലവില്‍ സംസ്ഥാനത്തുള്ള 40 ജി.സി.സി.കളുടെ എണ്ണം 2030-ഓടെ 120 ആയി ഉയര്‍ത്താന്‍ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് സംസ്ഥാന ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

മികച്ച നൈപുണ്യശേഷി, ആഗോളനിലവാരത്തിലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, നഗരവികസനത്തിന്റെ സുസ്ഥിര മാതൃക, മികച്ച തൊഴില്‍ സംസ്‌ക്കാരം എന്നിവയുള്‍പ്പെടെ കേരളത്തിന്റെ പ്രത്യേകതകള്‍ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടി . ബി.എഫ്.എസ്.ഐ, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍, ഷിപ്പിംഗ് & ലോജിസ്റ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ എടുത്തു കാണിക്കാന്‍ കേരളം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഇവര്‍ പ്രതിപാദിച്ചു.


ഡിജിറ്റല്‍ മേഖലയില്‍ കേരളത്തിന്റെ പുരോഗതി നയിക്കുന്നത് എല്ലാ പൗരന്മാരെയും ഒരുപോലെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനുള്ള വ്യക്തമായ കാഴ്ച്ചപ്പാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹൈ പവര്‍ ഐ.ടി. കമ്മിറ്റി വൈസ് ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു. ബോധപൂര്‍വമായ ഇടപെടലുകളുടെ ഫലമായി ഇന്ന് സാങ്കേതികവിദ്യയും ഉദ്ദേശ്യവും കൂടി ചേരുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഇത് സഹായകരമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുവരുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ ജി.സി.സി.കളെ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് വിശദമായ പാനല്‍ ചര്‍ച്ച നടന്നു. സീറാം സാംബശിവ റാവു, അലയന്‍സ് സര്‍വീസസ് ചീഫ് ഡെലിവെറി ഓഫീസറും അലയന്‍സ് സര്‍വീസസ് ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ ജിസണ്‍ ജോണ്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഹരി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ പല ഐ‌ടി നഗരങ്ങളില്‍ നിന്ന് കൊച്ചിയില്‍ വന്ന് ഈ പരിപാടിയില്‍ പങ്കെടുത്ത വിവിധ ജി.സി.സി. നേതാക്കളുമായി ഐടി സെക്രട്ടറി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി.

സഫിന്‍ ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യും  സഫിന്‍ ചീഫ് സസ്റ്റെയിനബിലിറ്റി ഓഫീസറുമായ സുജ ചാണ്ടി, എയര്‍ ഇന്ത്യ സെന്റര്‍ ഓഫ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് ദേവ ജോസഫ്, റിപ്ലൈ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സഞ്ജീവ് സുധീര്‍, എസ്.ഒ.ടി.ഐ.യുടെ വൈസ് പ്രസിഡന്റ് ജോസഫ് സാമുവല്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റ് ജി.സി.സി. പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തു.

തങ്ങളുടെ വിദേശ സ്ഥാപനത്തെ ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യത തിരയുകയാണെന്നും, ഇതിനായി കേരളവും പരിഗണിക്കുമെന്നും ആഗോള ക്ലൗഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനമായ അവായയുടെ അമിത് ഗ്രോവര്‍ പറഞ്ഞു.
അവായ ജിസിസി ടീം അംഗങ്ങളില്‍ 20 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് മാത്രമല്ല അവര്‍ വളരെ മികച്ച പ്രകടനവും കാഴ്ച വയ്ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment